മലയാളികള്‍ ഭക്ഷണശീലം മാറ്റണം-ശ്രീനിവാസന്‍

Posted on: 11 Sep 2015കോതമംഗലം: മാരകമായ വിഷാംശമുള്ള വസ്തുക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിക്കഴിക്കുന്നതാണ് മലയാളികളെ രോഗികളാക്കുന്നതിന്റെ പ്രധാന കാരണമെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. മാര്‍ അത്തനേഷ്യസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൈവകൃഷിയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാം ഭക്ഷണശീലം മാറ്റേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗങ്ങളുണ്ടാകാതിരിക്കാന്‍ ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. വിപണിയില്‍ ലഭിക്കുന്ന ഐസ് ക്രീമുകളിലും പാക്കറ്റ് പാലിലുമെല്ലാം മായവും വിഷാംശവും കലര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പോലും മായം കലര്‍ന്ന ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് സ്വതഃസിദ്ധമായ നര്‍മശകലങ്ങളോടെ ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ പിന്തുണ ൈകയടിയായി ഉയര്‍ന്നു. സ്വപ്രയത്‌നത്താല്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണം ഓരോ മലയാളിയും ശീലമാക്കണമെന്നും ശ്രീനിവാസന്‍ ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് അധ്യക്ഷത വഹിച്ചു. വിഷലിപ്തമായ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന മലയാളികളുടെ നിസ്സഹായാവസ്ഥ തുറന്നു കാണിച്ച് മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. എം.കെ. ബാബു, ഡോ. എം.എസ്. വിജയകുമാരി, ഡോ. ഐജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.

More Citizen News - Ernakulam