ആലങ്ങാട് പാടത്തെ നെല്‍കൃഷി വിളവെടുത്തു
Posted on: 11 Sep 2015
കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം പാടത്ത് വിതച്ച നെല്‍കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസറുമെല്ലാം ചേര്‍ന്ന്, വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്തു. തികച്ചും ജൈവികമായി കോട്ടപ്പുറം ഐപ്പ് കരിയാട്ടി ഒന്നര ഏക്കര്‍ നിലത്ത് ഇറക്കിയ കൃഷിയാണ് ഇപ്പോള്‍ വിളവെടുത്തത്.
കാര്‍ഷിക ഗ്രാമമായിരുന്ന ആലങ്ങാട്ട് നിന്ന് നെല്‍കൃഷി അന്യംനിന്ന് പോകുമെന്ന അവസ്ഥയായപ്പോള്‍ കൃഷി ഓഫീസറുടെയെല്ലാം പ്രേരണ പ്രകാരമാണ് ഐപ്പ് കൃഷി തുടങ്ങിയത്. ഇഷ്ടികക്കുഴികളായി മാറിയ പാടം കൃഷിക്ക് അനുയോജ്യമാക്കി വിത്തുപാകി. വിത്ത് കൃഷിഭവന് സൗജന്യമായാണ് നല്‍കിയത്. വളമെല്ലാം സബ്സിഡി ഇനത്തിലും നല്കി.
ജൈവ രീതിയില്‍ കീടങ്ങളേയും നിയന്ത്രിച്ചതോടെ കൃഷി നൂറുമേനിയില് വിളഞ്ഞു. തുടര്‍ന്ന് പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് വിളവെടുപ്പ് ഒരു ആഘോഷഷമാക്കി മാറ്റുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ്, കൃഷി ഓഫീസര്‍ മിനി തോമസ്, ബിനു കരിയാട്ടി, വി.സി. ഫ്രാന്‍സിസ്, എ.സി. രാധാകൃഷ്ണന്, പി.എസ്. അനില്‍, പി.എസ്. ജഗദീശന്, കെ.വി. പോള്‍ എന്നിവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.