അവകാശികളില്ലാത്ത പണം മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് - അരുണ്‍ ജെയ്റ്റ്ലി
Posted on: 11 Sep 2015
കൊച്ചി: സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി.
കാരുണ്യ ചികിത്സ ധനസഹായ പദ്ധതിയിലെ ഗുണഭോക്താക്കള്‍ 1,11,111 പേരായതിന്റെ സംസ്ഥാനതല പ്രഖ്യാപനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കേന്ദ്ര ധന മന്ത്രി.
പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി കേരളം ആവിഷ്കരിച്ചിരിക്കുന്ന കാരുണ്യ പദ്ധതി ദേശീയ മാതൃകയാണ് - അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
ചികിത്സാച്ചെലവ് വര്‍ഷംതോറും വര്‍ധിക്കുകയാണ്. വികസിത രാഷ്ട്രങ്ങള്‍ ഇന്‍ഷുറന്‍സിലൂടെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ചികിത്സാരംഗം വികസിച്ചെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ഇതിനുള്ള ചെലവ് താങ്ങാനാവാത്തതാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്പോലും സ്വകാര്യ ആസ്പത്രികളിലെ ചികിത്സയുടെ ഭാരിച്ച ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുകയാണ്. ജനസംഖ്യയിലെ 11 ശതമാനത്തിന് മാത്രം പെന്‍ഷനും വളരെ കുറച്ച് പേര്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് സംരക്ഷണവുമുള്ള ഇന്ത്യയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.