മൂന്നാറിലെ ബോണസ് സമരം: പോലീസ് ക്രമസമാധാനം ഉറപ്പാക്കണം -കോടതി

Posted on: 11 Sep 2015കൊച്ചി: മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സിലെ തൊഴിലാളികളുട ബോണസ് സമരംമൂലം അനിഷ്ടസംഭവം ഉണ്ടാകുന്നത് പോലീസ് തടയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാനം നിലനിര്‍ത്താനും കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനും പോലീസ് നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
സമരം തുടരുന്നതിനാല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് അസിസ്റ്റന്റ് മാനേജര്‍ വി. തങ്കരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ പോലീസുദ്യോഗസ്ഥര്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും നേതാക്കള്‍ക്കും നോട്ടീസിനും നിര്‍ദേശമുണ്ട്.
ഏഴ് തേയിലത്തോട്ടങ്ങളാണ് കമ്പനിക്ക് മൂന്നാറിലുള്ളത്. 58,740 ഏക്കര്‍ വരുന്ന തോട്ടത്തില്‍ 13,000 സ്ഥിരം തൊഴിലാളികളുണ്ട്. ബോണസ് തര്‍ക്കത്തിന്റെ പേരില്‍ തൊഴിലാളികള്‍ നടത്തുന്ന സമരംമൂലം എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കയാണ്. തൊഴിലാളികള്‍ തുടര്‍ച്ചായി ജോലിക്ക് എത്തുന്നില്ല. ഭീഷണിപ്പെടുത്തലുമുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ അക്രമസാധ്യതയുണ്ടെന്നും ഹര്‍ജിക്കാരുടെ വസ്തുവകകള്‍ക്ക് നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികള്‍ക്ക് കമ്പനി 2009-10ല്‍ 20 ശതമാനം ബോണസ് നല്‍കിയിരുന്നു. തടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 20 ശതമാനം, 15 ശതമാനം, 17 ശതമാനം, 19 ശതമാനം എന്നിങ്ങനെ ബോണസ് നല്‍കി. എന്നാല്‍, ആഗോള വിപണിയില്‍ തേയിലയ്ക്ക് വില കുറഞ്ഞതു മൂലം കമ്പനിയുടെ ലാഭം കുറഞ്ഞു. പ്രവര്‍ത്തനച്ചെലവ് കൂടുകയും ചെയ്തു. അതിനാല്‍ 2014-15ല്‍ 10 ശതമാനം ബോണസാണ് പ്രഖ്യാപിച്ചതെന്ന് കമ്പനി ഹര്‍ജിയില്‍ പറയുന്നു.
അത് പോരെന്നും പരമാവധി ബോണസായ 20 ശതമാനം നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ബോണസ് നല്‍കല്‍ നിയമത്തിലെ വ്യവസ്ഥ പാലിച്ചുതന്നെയാണ് ഇത്തവണ ശതമാനം ബോണസ് നല്‍കുന്നതെന്നാണ് ഹര്‍ജിയിലെ നിലപാട്. സപ്തംബര്‍ 6ന് തൊഴിലാളികള്‍ ദേശീയപാത 49 ഉപരോധിച്ചതോടെ മൂന്നാര്‍ സ്തംഭിച്ച നിലയിലായി.
മൂന്നാറിലെ സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് സംഘടന (ഐ.എന്‍.ടി.യു.സി.), ദേവികൂളം എംപ്ലോയീസ് യൂണിയന്‍ (സി.പി.ഐ.), ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (സി.പി.എം.) എന്നീ സംഘടനകള്‍ക്കു പുറമെ വിജയ, മണിമേഖല, സുരേന്ദ്രന്‍ എന്നിവരും ഹര്‍ജിയില്‍ എതിര്‍കക്ഷികളാണ്.
ഇടുക്കി എസ്.പി., മൂന്നാര്‍ ഡിവൈ.എസ്.പി., മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എസ്.ഐ., സി.ഐ. എന്നീ പോലീസുദ്യോഗസ്ഥരെയും ദേവികുളം ആര്‍.ഡി.ഒ.യെയും, റിജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

More Citizen News - Ernakulam