ഫോര്‍ട്ടുകൊച്ചി ബോട്ടപകടം ; പ്രത്യേക കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു
Posted on: 10 Sep 2015
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം അഞ്ചുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബഹളത്തെത്തുടര്ന്ന്് മേയര്‍ പിരിച്ചുവിട്ടു. മേയര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കെ കരാറിന്റെ യഥാര്‍ത്ഥ ഫയല്‍ സഭയില്‍ വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ളകാര്യങ്ങള്‍ വരാനിരിക്കുന്നതിനാല്‍ ഫയല്‍ സേഫ് ലോക്കറിലാണെന്നും, അതിന്റെ സര്‍ട്ടിഫൈഡ് കോപ്പി കാണിക്കാമെന്നും മേയര്‍ ടോണിചമ്മണി പറഞ്ഞെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല. ഫയലില്‍ കൃത്രിമം നടന്നതായി ആരോപിച്ച് അവര്‍ മേയറുടെ ചേമ്പര്‍ വളഞ്ഞു. അംഗങ്ങളോട് മേയര്‍ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അനുസരിച്ചില്ല. ചട്ടപ്രകാരം മേയര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ കുത്തിയിരുന്നതല്ലാതെ അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് മേയര്‍ കൗണ്‍സില്‍യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഇതിനുശേഷം സ്റ്റാറ്റിയൂട്ടറി കൗണ്‍സില്‍ ചേരുന്നതിനായി മേയര്‍ വീണ്ടും ഹാളിലേക്ക് എത്തിയെങ്കിലും ചേമ്പറിലേക്ക് കയറാന്‍ അനുവദിക്കാതെ പ്രതിപക്ഷാംഗങ്ങള്‍ മേയറെ തടഞ്ഞു. ഇതേത്തുടര്‍ന്ന് സഭാഹാളിലെ മൈക്കിലൂടെ അജണ്ട പാസ്സായതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിഞ്ഞതായി മേയര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സെക്രട്ടറിയെ കുറച്ചുനേരം തടഞ്ഞുവെച്ചെങ്കിലും അദ്ദേഹത്തിന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന്് മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പിന്‍വാങ്ങി.
ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം
ആവശ്യപ്പെടും
ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെടും. അപകടെത്തക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ടോണി ചമ്മണി തന്നെയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിക്കാന്‍ ഒരുങ്ങിവന്ന പ്രതിപക്ഷത്തിന് മേയര്‍ ആദ്യംതന്നെ ഇതേ ആവശ്യം ഉന്നയിച്ചത് തിരിച്ചടിയായി.
സര്‍ക്കാര്‍ എ.ഡി.ജി.പി. കെ. പത്മകുമാറിനെ അന്വേഷണച്ചുമതല ഏല്പിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍കാര്യങ്ങളും പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ള അന്വേഷണം ആവശ്യമാണെന്ന് മേയര്‍ ആമുഖ ഭാഷണത്തില്‍ പറഞ്ഞു. മേയര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയാണോ എന്ന ചോദ്യത്തിന് അതെയെന്ന് ഉത്തരം വന്നതോടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെ പ്രധാന കാര്യത്തില്‍ തീരുമാനമായി.
വാദപ്രതിവാദങ്ങളുമായി
ഭരണ-പ്രതിപക്ഷം
ബോട്ട് സര്‍വീസിന് നഗരസഭ കരാറുനല്കുന്ന ഫയല്‍ ദുരന്തം ഉണ്ടായതിനുശേഷം എഴുതിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. കമ്പനി നഗരസഭയ്ക്ക് കുടിശ്ശിക തുക നല്‍കാനുണ്ടെന്നും കിസ്തു തുക അടച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി നഗരസഭയ്ക്ക്
വണ്ടിച്ചെക്കുകള്‍ നല്കി വഞ്ചിച്ചപ്പോള്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഫയലില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ദിവസങ്ങളില്‍ പാകപ്പിഴകള്‍ വന്നതും അനില്‍ എടുത്തുകാട്ടി. ഇതേകമ്പനിക്ക് ജങ്കാര്‍ സര്‍വീസ് നടത്തുന്നതിന് ഉണ്ടാക്കിയ കരാറിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. സോള്‍വന്‍സിയും ഇ.എം.ടിയും അടയ്ക്കാതിരിക്കുമ്പോഴും കമ്പനിക്ക് കരാര്‍ പുതുക്കി നല്കി.
ദുരന്തത്തിന് ശേഷം സര്‍വകക്ഷിയോഗം വിളിച്ച് കരാര്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചിട്ട്, അതേക്കുറിച്ച് ഫയലില്‍ രേഖപ്പെടുത്തിയില്ല. എന്തുകൊണ്ടാണ് കരാര്‍ റദ്ദ് ചെയ്യുന്നതെന്ന് ഫയലില്‍ രേഖപ്പെടുത്താന്‍ തയ്യാറാകണം. അപകടത്തില്‍പ്പെട്ട ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെങ്ങനെയെന്നും അന്വേഷണം ഉണ്ടാവണം. ബോട്ടപകടം ഉണ്ടായിട്ടും കരാര്‍ കമ്പനി കേസില്‍ പ്രതിയാക്കപ്പെടാതിരുന്നത് എങ്ങനെയെന്നും പിന്നീട് ഫയലില്‍ നടത്തിയ തിരുമറികളെക്കുറിച്ചും അന്വേഷണം ഉണ്ടാവണം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ഫയലുകളിലെ കൃത്രിമം കണ്ടുപിടിക്കാന്‍ കാര്‍ബണ്‍ ഡോട്ടിങ് നടത്താനോ ഫോറന്‍സിക് ലാബില്‍ പിരശോധന നടത്താനോ തയ്യാറാകണമെന്ന് കെ.എന്‍. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
അപകടവുമായി ബന്ധപ്പെട്ട ഒരാളെയും രക്ഷിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. ബോട്ട് സര്‍വീസിന് മുന്‍കൂര്‍ അനുമതി നല്കിയപ്പോള് ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ലെന്നും എം.പി. മഹേഷ്കുമാര്‍ ചൂണ്ടിക്കാട്ടി. 1995 മുതലുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ് ചൂണ്ടിക്കാട്ടി.
ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും ഫയലുകളില്‍ കുഴപ്പമുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ ഉള്പ്പെടുത്താവുന്നതേയുള്ളൂവെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ജെ. സോഹന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്, മേയറും ഉദ്യോഗസ്ഥരും സ്ഥാനത്തുനിന്ന് മാറി അന്വേഷണത്തെ നേരിടണമെന്ന പുതിയ ആവശ്യം ഉന്നയിച്ചു.
ഫയലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മേയര്‍ ചര്‍ച്ചയ്ക്ക് മറുപടിപറയവെ വ്യക്തമാക്കി. നഗരസഭ ബോട്ട് സര്‍വീസ് നടത്തുന്ന കരാറുകാരനുമായി ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കരാര്‍ മുഴുവന്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുെമന്ന് പറഞ്ഞ മേയര്‍ ഫോര്‍ട്ടു കൊച്ചിയില്‍ ബദല്‍ യാത്രാസൗകര്യം ഒരുക്കുന്നതുസംബന്ധിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ , ഫയല്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ എം. അനില്‍ കുമാര്‍ വീണ്ടും ഉന്നയിച്ചു. അപകടം നടക്കുമ്പോള്‍ കാരാര്‍ ഒപ്പുവെച്ചിട്ടുണ്ടായിരുന്നുവെന്നും ഫയലില്‍ പിന്നീട് തിരുത്തലുകള്‍ വരുത്തിയിട്ടില്ലെന്നും സെക്രട്ടറി സഭയെ അറിയിച്ചെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. പ്രതിപക്ഷം മുദ്രാവാക്യവുമായി മേയറുടെ ചേമ്പറിനുമുന്നില്‍ കുത്തിയിരുന്നു. സഭ പിരിഞ്ഞശേഷം പ്രതിപക്ഷം കൊലയാളി മേയര്‍ രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു.