മാരുതി സ്വാമി റോഡില്‍ മാലിന്യം ; പരിസരവാസികള്‍ പരാതി നല്കി
Posted on: 10 Sep 2015
കൊച്ചി: കൊച്ചി കോര്പ്പറേഷന് കലൂര്‍ 72-ാം ഡിവിഷനിലെ മാരുതി സ്വാമി റോഡിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ കളക്ടര്‍ക്കും കൊച്ചി കോര്‍പ്പറേഷനും പരാതി നല്കി. മാരുതി സ്വാമി റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കോര്പ്പറേഷന് പെട്ടി വെച്ചിടത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്.
പെട്ടി വെച്ചിരിക്കുന്ന പരിസര പ്രദേശങ്ങളിലും മാലിന്യം ഇട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഭക്ഷണ മാലിന്യങ്ങളും കവറില്‍ പൊതിഞ്ഞ് ഇതിലേക്ക് ഇടുന്ന സ്ഥിതിയാണ് ഉള്ളത്. ഇതോടെ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് പരിസരവാസികള്‍ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടായ അവസ്ഥയാണ് ഉള്ളത്. കോര്‍പ്പറേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ കളക്ടര്‍ക്കും പരാതി നല്കി. മാലിന്യ കൂമ്പാരത്തിനരികെ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്.