എം.എല്‍.എ.യുടെ 'സാന്ത്വനം' സഹായ വിതരണം 11ന്‌

Posted on: 10 Sep 2015കാക്കനാട്: നിര്‍ധനരായവര്‍ക്ക് സഹായഹസ്തമേകാന്‍ ബെന്നി ബഹനാന്‍ എംഎല്‍എ നടപ്പിലാക്കിയ 'സാന്ത്വനം' പരിപാടിയുടെ സഹായ വിതരണം സപ്തംബര്‍ 11ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. സാന്ത്വനം പദ്ധതിയുടെ ഈ ഘട്ടത്തിന് 'സാന്ത്വന സാഫല്യ'മെന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. സ്​പീക്കര്‍ എന്‍. ശക്തന്‍ മുഖ്യാതിഥിയാകും. നിയോജക മണ്ഡലത്തിലെ 30 കുടുംബങ്ങള്‍ക്ക് പട്ടയവിതരണം, കുടുംബനാഥന്‍ നഷ്ടപ്പെട്ട 500 കുടുംബങ്ങള്‍ക്ക് 50,000 വരെ ഇന്‍ഷുറന്‍സ് പോളിസി വിതരണം, 425 വ്യക്തികള്‍ക്ക് കാരുണ്യ സഹായ ഫണ്ടില്‍ നിന്ന് ചികിത്സാ സഹായം, ഇതുവരെ മുച്ചക്ര വാഹനം ലഭിക്കാത്ത ഭിന്നശേഷിക്കാരായ 14 പേര്‍ക്ക് വാഹന വിതരണം, സാന്ത്വനം ക്യാമ്പുകളില്‍ ഭിന്നശേഷിയുള്ളവരില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം എന്നിവ നടത്തും. 100 ഡയാലിസിസ് രോഗികള്‍ക്ക് വിവിധ ആശുപത്രികളുമായി സഹകരിച്ച് സൗജന്യമായി ആളൊന്നിന് രണ്ട് ഡയാലിസിസിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു.
50 സ്ത്രീകള്‍ക്ക് തയ്യല്‍മെഷീനുകള്‍ നല്‍കും. ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ലിസി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. ഇതുകൂടാതെ കാക്കനാട് സണ്‍റൈസ് ആശുപത്രിയുമായി സഹകരിച്ച് നിര്‍ധനരായ പത്ത് പേര്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് സൗജന്യ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും എംഎല്‍എ അറിയിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ വിവിധ സഹായങ്ങളുടെ ഇനത്തില്‍ 40 ലക്ഷം വിതരണം ചെയ്യും.

More Citizen News - Ernakulam