കള്ളനോട്ട് കേസ്; മുഖ്യ പ്രതിക്കെതിരെ രാജസ്ഥാനിലും നിരവധി കേസുകള്‍
Posted on: 10 Sep 2015
ആലുവ: കള്ളനോട്ടുകളുമായി രാജസ്ഥാന് സ്വദേശികള്‍ ആലുവയില്‍ പിടിയിലായ കേസിലെ മുഖ്യ പ്രതിയായ മുകേഷ് രാജസ്ഥാനില്‍ വിവിധ പോലീസ് കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി. ഇയാള്‍ക്കായി ആലുവ പോലീസ് രാജസ്ഥാനില്‍ എത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. അതേ സമയം മുഖ്യ പ്രതിയെ പിടികൂടാന്‍ പോലീസ് സംഘത്തിനായില്ല.
സപ്തംബര്‍ അഞ്ചിനാണ് എസ്.ഐ. പി.എ. ഫൈസലും എസ്.ഐ. അബ്ദുള്‍ ഖാദര്‍, സി.പി.ഒ.മാരായ മുഹമ്മദാലി, ബിജു എന്നിവരും മുഖ്യ പ്രതി മുകേഷിനെ തേടി രാജസ്ഥാന് ബിന്മാളിലേക്ക് പോയത്.
ബിന്മാള് നഗര്‍ പോലീസിന്റെ സഹായത്തോടെ മുകേഷിന്റെ വീട്ടിലും ഒളിസങ്കേതങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇയാളെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇയാളുടെ വീട്. ബിന്മാള് പോലീസില്‍ നിന്ന് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ബിന്മാള് പോലീസ് സ്റ്റേഷനില്‍ പിടിച്ചുപറി കേസുള്ളതിനാല്‍ രണ്ട് മാസത്തോളമായി ഒളിവിലാണ്.
ജയ്പുര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കള്ളനോട്ട് കേസുണ്ടെന്നും വ്യക്തമായിട്ടുണ്ട്. നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പ്രതിയെ കണ്ടെത്താനും പോലീസിനായിട്ടില്ല. മാസങ്ങളായി ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. ഭാര്യയും 18-കാരനായ മകനുമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസം 19-നാണ് ആലുവയില്‍ 500 രൂപയുടെ 14 കള്ളനോട്ടുമായി രാജസ്ഥാന് ജലൂര്‍ ജില്ലക്കാരനായ ബന്‍വര്‍ ലാല്‍ ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് എറണാകുളത്ത് ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍സ് കച്ചവടക്കാരനായ രാജസ്ഥാന് സൈലോര്‍ രേവത്തട ഗ്രാമത്തില്‍ ദിനേശ് കുമാറും പിടിയിലായി. ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയത് മുകേഷ് ആണെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് രാജസ്ഥാനിലേക്ക് തിരിച്ചത്. ദിനേശ് കുമാറിന്റെ പുല്ലേപ്പടിയിലെ വാടക വീട്ടില്‍ നിന്ന് കള്ളനോട്ടുകളും കള്ളനോട്ടുകള്‍ മാറി സൂക്ഷിച്ച 1,64,830 രൂപയും പിടിച്ചെടുത്തിരുന്നു. പോലീസ് സംഘം വ്യാഴാഴ്ച രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും.