ദേശീയപാതയില്‍ കൂനമ്മാവില്‍ രണ്ട് അപകടങ്ങള്‍
Posted on: 10 Sep 2015
വരാപ്പുഴ: ദേശീയ പാത 17-ല്‍ ബുധനാഴ്ച പുലര്‍ച്ചെയും വൈകീട്ടുമായി രണ്ട് അപകടങ്ങള്‍. കൂനമ്മാവ് മാര്‍ക്കറ്റിന് സമീപവും കൊച്ചാലിന് സമീപവുമാണ് അപകടങ്ങള്‍ നടന്നത്. പുലര്‍ച്ചെ 3ന് വരാപ്പുഴ ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന ലോറി പോസ്റ്റില്‍ ഇടിച്ചാണ് ആദ്യ അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി ജെയിംസ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. കാറില്‍ ഇടിക്കാതിരിക്കാന്‍ വശത്തേക്ക് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 5ന് കൂനമ്മാവ് മാര്‍ക്കറ്റിന് സമീപം പിക്കപ്പ് വാന്‍, നിര്‍ത്തിയിട്ടിരുന്ന കാറും മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്തു. സമീപത്തുതന്നെയുള്ള പലചരക്ക് കടയുടെ മുന്‍ഭാഗത്തെ തൂണ് ഇടിയെത്തുടര്‍ന്ന് പത്ത് മീറ്ററോളം തെറിച്ചുപോയി. നിര്‍ത്തിയിട്ടിരുന്ന കാറ് ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ദേശീയപാതയില്‍ വട്ടം കിടന്നു. കാറിന്റെ പിന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. പിക്കപ്പ്് വാനിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്ന് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മത്സ്യം കയറ്റുന്ന കാലി പെട്ടികളുമായി വന്ന പിക്കപ്പ് വാന്‍ വരാപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ മുന്‍ചക്രം പൊട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. കൂനമ്മാവില്‍ തയ്യല്‍കട നടത്തുന്ന പറവൂര്‍ സ്വദേശി ഷിജുവിന്റേതാണ് അപകടത്തില്‍ തകര്‍ന്ന കാര്‍.