സുരക്ഷയൊരുക്കിയില്ല: മാവോവാദി അനൂപിനെ കോടതിയില്‍ ഹാജരാക്കാനായില്ല
Posted on: 10 Sep 2015
കൊച്ചി: ആവശ്യത്തിനുള്ള സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ മാവോവാദി നേതാക്കളായ രൂപേഷിനും ഷൈനയ്ക്കുമൊപ്പം അറസ്റ്റിലായ അനൂപ് ജോര്‍ജിനെ എറണാകുളം കോടതിയിലെത്തിക്കാനായില്ല.
കോയമ്പത്തൂരിലെ ജയിലില്‍ തടവിലാക്കിയ അനൂപിനെ ഹാജരാക്കാന്‍ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇതിനായി പോലീസ് കോയമ്പത്തൂരിലെത്തിയെങ്കിലും അനൂപിനെ കൊച്ചിയിലെത്തിക്കാനുള്ള സംഘത്തെ ജയില്‍ അധികൃതര്‍ക്ക് ഒരുക്കാനായില്ല. ഇതേത്തുടര്‍ന്ന് കേരള പോലീസ് കോയമ്പത്തൂരില്‍ നിന്ന് മടങ്ങി. അനൂപിനെ സപ്തംബര്‍ 23 ന് ഹാജരാക്കാന്‍ കോടതി വീണ്ടും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കളമശ്ശേരിയിലെ ദേശീയപാത അതോറിട്ടി ഓഫീസ് ആക്രമിച്ച കേസിലാണ് അനൂപിനെതിരെ എറണാകുളത്തെ കോടതി ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനിടെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന, കേസിലെ രണ്ടാം പ്രതി രമണനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കേസില്‍ മറ്റുള്ളവര്‍ക്ക് പങ്കുള്ളതായി രമണന് പറഞ്ഞിട്ടില്ലെന്നാണ് സൂചന. പല ചോദ്യങ്ങള്‍ക്കും മൗനം പാലിച്ച രമണനില്‍ നിന്ന് പോലീസിന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. കഴിഞ്ഞ ജനവരിയിലാണ് കളമശ്ശേരി ദേശീയപാത ഓഫീസിനു നേരെ ആക്രമണമുണ്ടായത്.