ജലസമ്പന്ന ജില്ലയാക്കാന്‍ 734 കുളങ്ങള്‍ ശുചിയാക്കും ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കൈകോര്‍ത്ത് പുതിയ പദ്ധതി

Posted on: 10 Sep 2015കാക്കനാട്: വരള്‍ച്ചയെ നേരിടാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കൈകോര്‍ത്തുകൊണ്ട് കുളങ്ങള്‍ നവീകരിക്കാന്‍ പദ്ധതി.
ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ അനാഥമാക്കപ്പെട്ടു കിടക്കുന്ന 734 കുളങ്ങളും മറ്റ് ജല സ്രോതസ്സുകളും ഏറ്റെടുത്ത് നവീകരിച്ച് ജലസമ്പന്നമാക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. സപ്തംബര്‍ 22 ന് രാവിലെ 11 ന് രായമംഗലം മുളുപ്പന്‍ചിറയില്‍ ഇതിന്റെ ഉദ്ഘാടനം നടക്കും.
ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ മണ്ണുസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഇതനുസരിച്ച് ഒറ്റപ്പെട്ടുകിടക്കുന്ന ജലസ്രോതസ്സുകള്‍ ഏറ്റെടുത്ത് നവീകരിക്കും. ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ 14 കുളങ്ങള്‍ ഏറ്റെടുക്കും. 3.5 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മുനിസിപ്പല്‍, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. മൊത്തം 734 കുളങ്ങളാണ് ജില്ലയില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവ അഞ്ചുവര്‍ഷം കൊണ്ട് നവീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. മുമ്പ് 'താമരയും ആമ്പലും' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജല സംരക്ഷണം പൂര്‍ണമായും ഉറപ്പുവരുത്തിയായിരിക്കും പരിപാടി നടപ്പിലാക്കുക.
പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ ജോര്‍ജ് ഫിലിപ്പാണ്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നവീകരണം നിര്‍വഹിക്കുന്നത്.
ആദ്യഘട്ടത്തില്‍ പൈമറ്റം കുളം (മാറാടി), ചെമ്പറാംകോട്ടു ചിറ (ആയവന), മാനാമൂട്ടില്‍ ചിറ (തിരുമാറാടി), കോടുമ്പുചിറ (മണീട്), മുളുപ്പന്‍ ചിറ (രായമംഗലം), തൊട്ടുചിറ മുട്ടുചിറ (കൂവപ്പടി), ചാലിന്‍ചിറ (മുക്കന്നൂര്‍), ചേന്നുള്ളിച്ചിറ (പൂതൃക്ക), ഉറവഴിച്ചിറ (ചെങ്ങമനാട്), വല്ലാര്‍പാടം പിഎച്ച്‌സിക്കു സമീപം പഞ്ചായത്ത് കുളം (മുളവുകാട്), കുറുച്ചിക്കുളം (എടത്തല), തിരുമുപ്പം കുളം (വരാപ്പുഴ), കാട്ടിക്കുളം (കോട്ടുവള്ളി), തിരുവല്ലാര്‍ പൊട്ടംകുളം
(ആലങ്ങാട്) എന്നിവയാണ് നവീകരിക്കുന്നത്.
കുളത്തെയും പരിസരത്തെയും മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കും. പരിസര സൗന്ദര്യവത്കരണം, മരം വച്ചുപിടിപ്പിക്കല്‍, ജൈവവേലി, മീന്‍ വളര്‍ത്തല്‍ എന്നിവ അടുത്ത ഘട്ടമായി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

More Citizen News - Ernakulam