ബസ് സ്റ്റാന്‍ഡ് നവീകരണത്തില്‍ അഴിമതിയാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
Posted on: 10 Sep 2015
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരിച്ചതില്‍ അഴിമതി നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം നടത്തി. പണിപൂര്‍ത്തിയാകാത്ത ബസ് സ്റ്റാന്‍ഡ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയശേഷം പിറ്റേന്നുതന്നെ പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിയുെട നേതൃത്വത്തില്‍ തുടര്‍ന്നുള്ള പണികള്‍ തടഞ്ഞത് ദുരുദ്ദേശപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലോകബാങ്ക് സഹായവും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് വിരിക്കല്ലുപയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. തൊണ്ണൂറ് ശതമാനം പണികള്‍ പൂര്‍ത്തിയായപ്പോഴാണ് ഇതിന്റെ ഉദ്ഘാടനം തിടുക്കപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി നടത്തിയത്.
ഉദ്ഘാടനം കഴിഞ്ഞയുടനെ വിരിക്കല്ലുകള്ക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പണി തടയുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന്റെ രണ്ട് കവാടത്തില്‍ ഒരു കവാടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും വിരിക്കല്ലിന്റെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കാത്തവര്‍ പിന്നീട് പണി തടയാന്‍ ശ്രമിച്ചിരിക്കുന്നത് കരാറുകാരനില്‍ നിന്ന് പണം തട്ടിയെടുക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബസ് സ്റ്റാന്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസിയംഗം എം.എം. മത്തായി ഉദ്ഘാടനം ചെയ്തു. സജി വര്‍ഗീസ്, ടി.എ. കൃഷ്ണന്‍കുട്ടി, ഷാന്‍ മുഹമ്മദ്, ഷാജി സി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.