ഇന്നസെന്റിന്റെ 'ശ്രദ്ധ': അഞ്ച് താലൂക്ക് ആശുപത്രികളില്‍ മാമോഗ്രഫി യൂണിറ്റുകള്‍
Posted on: 10 Sep 2015
കാക്കനാട്: കാന്‍സര്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നസെന്റ് എം.പി. ആവിഷ്കരിച്ച 'ശ്രദ്ധ' കാന്‍സര്‍ കെയര്‍ പദ്ധതിക്ക് അഞ്ച് താലൂക്ക് ആശുപത്രികളില്‍ മാമോഗ്രഫി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി.
ചാലക്കുടി എം.പി.യുടെ പ്രാദേശിക ഫണ്ട് വിനിയോഗം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഈ യൂണിറ്റുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനസജ്ജമാകും.
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വേങ്ങൂര്‍ പഞ്ചായത്തില്‍പ്പെടുന്ന പോങ്ങുംചുവട് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ രണ്ട് കലുങ്കുകളുടെ നിര്‍മാണത്തിനായി 43.50 ലക്ഷം രൂപ എം.പി. ഫണ്ടില്‍ നിന്ന് അനുവദിച്ചു. ആദിവാസി ഊരുകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന ദീര്‍ഘകാല ആവശ്യം കണക്കിലെടുത്താണ് ഇന്നസെന്റ് എം.പി. മുന്‍കൈയെടുത്ത് +തുക അനുവദിച്ചത്.
അങ്കമാലി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികളുടെ ഭാഗമായി ഒന്നരക്കോടി രൂപ ചെലവില്‍ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് നിര്‍മിക്കാനും നടപടികളായിട്ടുണ്ട്.
കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിയില്‍ ഹൈസ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് 27.50 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
വായനശാലകള്‍ക്ക് എം.പി. ഫണ്ട് അനുവദിക്കുന്നതിന് ചാരിറ്റബിള്‍ സൊസൈറ്റി നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും മൂന്ന് വര്‍ഷം പിന്നിടുകയും വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഇന്നസെന്റ് എം.പി. ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രന്ഥശാലാ കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാകണം. അര്‍ഹതയുള്ള പല വായനശാലകള്‍ക്കും പുതിയ നിയമം മൂലം സഹായം നല്കാന് കഴിയാത്ത സ്ഥിതിയുണ്ട്.
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി എല്‍.പി. സ്കൂള്‍ കെട്ടിടം, ഐരാപുരം എസ്.സി. കോളനിയിലെ പാലം, കിഴക്കമ്പലം പഞ്ചായത്തിലെ ഗ്രാമീണോദയം പബ്ലിക് ലൈബ്രറി, അങ്കമാലി താലൂക്കാശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് എന്നിവയ്ക്ക് പുതുതായി ഭരണാനുമതിയായി. മറ്റു പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തിലാണ്.
യോഗത്തില്‍ ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ് അധ്യക്ഷത വഹിച്ചു.