റോഡ് നിര്‍മിച്ചാല്‍ തൊഴിലും ഉറപ്പാക്കാം
Posted on: 10 Sep 2015
കരുമാല്ലൂര്‍: റോഡിലെ പുല്ലുപറിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ റോഡ്തന്നെ നിര്‍മിക്കാന്‍ തയ്യാറായിരിക്കുകയാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് അനുഭവപ്പെടുന്ന തൊഴില്‍ക്ഷാമത്തിന് ഒരു പരിഹാരവും കൂടി കണ്ടെത്തുകയാണ് ഇവര്‍.
പഞ്ചായത്ത് നാലാം വാര്‍ഡിലെ കമ്പിവേലിക്കകം ഇടറോഡാണ് 38 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നിര്‍മിക്കുന്നത്. 120 മീറ്റര്‍ നീളത്തിലുള്ള റോഡിന് നിര്‍മാണച്ചെലവായ 2.20 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് ചെലവാക്കുന്നത്.
പദ്ധതിയുടെ പുതിയ മാനദണ്ഡമനുസരിച്ച് കാട് വെട്ടിമാറ്റുന്നതുപോലെയുള്ള പണികള്‍ക്ക് പകരം ആസ്തിവികസനമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള തൊഴിലുകള്‍ ചെയ്യാന്‍ നിലവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പലരും തയ്യാറാകാത്തതിനാല്ത്തന്നെ നൂറ് തൊഴില്‍ദിനങ്ങള്‍ തികയ്ക്കാന്‍ കഴിയാറുമില്ല. അതിന് പരിഹാരമാര്‍ഗമായാണ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബാബുവും വാര്‍ഡ് മെമ്പര്‍ കെ.സി. വിനോദ്കുമാറും ഇടപെട്ട് ഇവിടെ റോഡ് നിര്‍മിക്കാന്‍ തയ്യാറായിരിക്കുന്നത്.
ചെളിനിറഞ്ഞ റോഡില്‍ ചെമ്മണ്ണിട്ട് ഉറപ്പിക്കുന്ന ജോലിയാണ് നടന്നുവരുന്നത്. അടുത്തദിവസം മെറ്റലിട്ട് ഉറപ്പിക്കും. തുടര്‍ന്ന് കോണ്‍ക്രീറ്റിങ്ങും നടത്തി സഞ്ചാരയോഗ്യമായ റോഡ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച് നല്‍കും.