കെ.എസ്.ആര്.ടി.സി. ഡിപ്പോ നിര്‍മാണം വിലയിരുത്താന്‍ സമിതി
Posted on: 10 Sep 2015
മൂവാറ്റുപുഴ: നഗരത്തിലെ കെ.എസ്.ആര്.ടി.സി. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും ജോസഫ് വാഴയ്ക്കന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്കരിച്ചു.
കോടിക്കണക്കിന് രൂപ മുടക്കി പഴയ കെഎസ്ആര്‍ടിസി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടി ബസ്സ്റ്റാന്‍ഡ്-കം-ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം തുടങ്ങിയിക്കുന്നത്. ഇതിനായി മണ്ണ് നീക്കി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചു.
ഇതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ഡിപ്പോയിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറിയത് ഇത്തരം കരുനീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം വിളിച്ചുകൂട്ടിയത്.
ടാങ്കില്‍ വെള്ളം കയറിയതിനാല്‍ 8000 ലിറ്ററോളം ലിറ്റര്‍ ഡീസല്‍ നശിക്കുകയും ഇതുമൂലം 13 ബസ്സുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഓടയിലേക്ക് ഒഴുക്കി വിടുന്നതിനുവേണ്ടി ഡീസല്‍ടാങ്കിന് സമീപത്തുകൂടി ചാല് നിര്‍മിച്ചിരുന്നു. ഇതിലൂടെ ഒഴുകിയെത്തിയ വെള്ളം ഓടയിലേക്ക് എത്തുന്നത് തടസ്സപ്പെട്ട് വെള്ളം കെട്ടിക്കിടന്നാണ് ഡീസല്‍ടാങ്കിലേക്ക് കലര്‍ന്നത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് യോഗത്തിനെത്തിയവര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്. ജോസഫ് വാഴയ്ക്കന് എം.എല്‍.എ.യ്ക്ക് പുറമെ നഗരസഭാ ചെയര്മാന് യു.ആര്. ബാബു, ഡിവൈ.എസ്.പി. ആന്റണി തോമസ്, ഡി.ടി.ഒ ജോയി ജോര്‍ജ്, എ.ടി.ഒ സി.കെ. സോമന്, വിവിധ ട്രേഡ് യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡി.ടി.ഒ, എ.ടി.ഒ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.