വായ്പ കുടിശ്ശികയ്ക്ക് ജാമ്യക്കാരനില്‍ നിന്ന് തുല്യ തുക ഈടാക്കാം -സഹകരണ ഓംബുഡ്‌സ്മാന്‍

Posted on: 10 Sep 2015കാക്കനാട്: ബാങ്കില്‍ നിന്ന് വായ്പയെടുത്ത ആളില്‍ നിന്നോ അയാളുടെ ആസ്തിയില്‍ നിന്നോ വായ്പാ കുടിശ്ശിക ഈടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജാമ്യക്കാരനില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് തുല്യ തുക ഈടാക്കാമെന്ന് സഹകരണ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ പരാതികള്‍ക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ബുധനാഴ്ച നടത്തിയ സിറ്റിംഗില്‍ ഓംബുഡ്‌സ്മാന്‍ എ. മോഹന്‍ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂവാറ്റുപുഴ ഗവ. സര്‍വന്റ്‌സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ പി.കെ. സതീഷ് നല്‍കിയ പരാതിയിലാണ് വിധി.
ചേര്‍ത്തല പാണാവള്ളി സ്വദേശി സോമന്‍ ഗോപാലന്‍ പാണാവള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരേ നല്‍കിയ പരാതിയില്‍ കടാശ്വാസം ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഓംബുഡ്‌സ്മാനെ അറിയിച്ചു. കുടിശ്ശിക വായ്പാ ഇളവ്, മരണപ്പെട്ടവരുടെ വായ്പയ്ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം എന്നിവയുടെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പിഴപ്പലിശ ഒഴിവാക്കി പരാതികള്‍ തീര്‍പ്പാക്കി. സഹകരണ സംഘങ്ങളില്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗത്വം നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ സ്ഥിര നിക്ഷേപം പുതുക്കി നല്‍കാത്തതിനെതിരേ പൂണിത്തുറ ടെമ്പിള്‍ റോഡ് മുക്കോട്ടില്‍ പുളിക്കത്താഴത്ത് വീട്ടില്‍ രമാദേവി നല്‍കിയ പരാതിയില്‍ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ സ്ഥിര നിക്ഷേപം പുതുക്കി നല്‍കാനും നിര്‍ദേശിച്ചു. ബുധനാഴ്ച ആകെ 48 പരാതികളാണ് ലഭിച്ചത്. ഇതില്‍ 26 എണ്ണത്തിന് തീര്‍പ്പ് കല്പിച്ചു.

More Citizen News - Ernakulam