പൂയംകുട്ടിയില്‍ കാറ്റ്; കൃഷിനാശം
Posted on: 10 Sep 2015
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റ് നാശം വിതച്ചു. പൂയംകുട്ടി തണ്ട്, ബ്ലാവന പ്രദേശങ്ങളില്‍ വാഴ, കപ്പ, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായിട്ടുള്ളത്. രണ്ടായിരത്തോളം, കുലയ്ക്കാറായ ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. ഒരു വീടിന് ഭാഗികമായി കേടുപാടും സംഭവിച്ചിട്ടുണ്ട്. പൂയംകുട്ടി തണ്ട് ഭാഗത്ത് താമസിക്കുന്ന ആനീസിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു.
ബ്ലാവന ചെരപ്പറമ്പില്‍ റോയി, പിണക്കാട്ട് ബിനോയി, പാറയ്ക്കല്‍ മാത്യു, പാറയ്ക്കല്‍ പാപ്പച്ചന് എന്നിവര്‍ ചേര്‍ന്ന് കൃഷിചെയ്ത ആയിരത്തോളം കുലയ്ക്കാറായ ഏത്തവാഴകള്‍ കാറ്റില്‍ നശിച്ചിട്ടുണ്ട്.
റബ്ബറിന് ഇടവിളയായി ചെയ്ത വാഴ കൃഷിക്കൊപ്പം റബ്ബര്‍ തൈകളും ഒടിഞ്ഞും കടപുഴകിയും നശിച്ചു.
മഠത്തിനായി ഷാജി, പൂയംകുട്ടി തണ്ട് കുളത്തിനാല്‍ മാത്യു, വെട്ടിയാങ്കേല് ബേബി എന്നിവരുടെ നൂറുകണക്കിന് കപ്പ, ഏത്തവാഴ, റബ്ബര്‍ എന്നിവ കാറ്റെടുത്തു. കാറ്റില്‍ നശിച്ച കൃഷിയുടെ കൃത്യമായ കണക്ക് കൃഷിവകുപ്പ് ശേഖരിച്ചുവരുന്നു.