ദേവസ്വംനടയില്‍ സഹോദരന് അയ്യപ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും
Posted on: 10 Sep 2015
ചെറായി : ദേവസ്വം നടയില്‍ കിഴക്ക് ഭാഗത്തുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു മുന്നില്‍ സഹോദരനയ്യപ്പന്റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. ഈ പ്രദേശത്തെ സഹോദര നഗര്‍ എന്ന് നാമകരണവും ചെയ്യും. ഇതേ പോലെ പുതിയ പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സഹോദരന്റെ ഛായാചിത്രം സ്ഥാപിക്കും. പ്രതിമ നിര്‍മ്മാണത്തിനായി പഞ്ചായത്ത് തന്നെ ഫണ്ട് കണ്ടെത്തണമെന്നാണ് തീരുമാനം. കഴിഞ്ഞ കമ്മിറ്റിയില്‍ അഞ്ചാം വാര്‍ഡംഗം വി.എക്സ്.ബനഡിക്ട് ഉന്നയിച്ച ആവശ്യം ചൊവ്വാഴ്ച പ്രത്യേക അജണ്ടവെച്ച് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സഹോദരന്റെ നാടായ ചെറായിയില്‍ അദ്ദേഹം ജീവിച്ചിരുന്ന വീട് സ്മാരകമാക്കിയെങ്കിലും സഹോദരന്റെ ഒരു പ്രതിമ ജന്മനാട്ടില് എവിടെയും സ്ഥാപിച്ചിട്ടില്ലെന്ന അഞ്ചാം വാര്‍ഡംഗത്തിന്റെ വിലയിരുത്തല്‍ അംഗങ്ങള്‍ ഒന്നാകെ ഗൗരവത്തിലെടുത്താണ് പഞ്ചായത്തിനു മുന്നില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് ചിന്നമ്മ ധര്മ്മന് അധ്യക്ഷത വഹിച്ചു.