വൈപ്പിന്‍ എ.ഇ.ഒ.യെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Posted on: 10 Sep 2015ചെറായി: ചെറായി വി.വി. സഭ എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസില്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ വൈപ്പിന്‍ എ.ഇ.ഒ.യെ ഉപരോധിച്ചു.
നാലാം ക്ലാസില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഇരുപതോളം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ദിവസവും സ്‌കൂളില്‍ വന്നുപോകുന്നു. ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും അനാസ്ഥകൊണ്ടാണ് ഇത്തരം അവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പല സ്‌കൂളുകളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലം എം.എല്‍.എ.യും ഉദ്യോഗസ്ഥരും വിഷയത്തില്‍ ബന്ധപ്പെടാത്തതുകൊണ്ടാണ് കെ.എസ്.യു. സമരപരിപാടിയുമായി മുന്നോട്ട് വന്നത്.
രണ്ട് മണിക്കൂറോളം നീണ്ട ഉപരോധ സമരം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് വി.സി. രാജേഷ്, മനു കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉപരോധസമരത്തെക്കുറിച്ച് അറിഞ്ഞ് സ്ഥലത്തെത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ്, എ.ഇ.ഒ. ഷൈല, സൂപ്രണ്ട് എന്നിവരുമായി ഞാറയ്ക്കല്‍ എസ്.ഐ.യുടെ സാന്നിദ്ധ്യത്തില്‍ സംസാരിച്ചു. വിദ്യാഭ്യാസ ഡയറക്ടറുമായും ഡിഡിയുമായും ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിച്ചു.

More Citizen News - Ernakulam