കാര്‍ഷികാവശ്യത്തിന് നിര്‍മിച്ച ചിറകള്‍ നാശത്തിലേക്ക്

Posted on: 10 Sep 2015കൂത്താട്ടുകുളം: കാര്‍ഷികാവശ്യത്തിന് വെള്ളം ലഭിക്കുന്നതിനായി തിരുമാറാടി പഞ്ചായത്തിലെ തോടുകളില്‍ പലയിടങ്ങളിലായി നിര്‍മിച്ച ചിറകള്‍ നാശത്തിലേക്ക്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുള്ള 17 ചിറകളാണ് നാശം നേരിടുന്നത്.
അഞ്ചാം വാര്‍ഡിലെ കുറവുംപിള്ളി, മുല്ലശ്ശേരിത്താഴം, ഏഴാം വാര്‍ഡിലെ കീഴ്ച്ചിറ, മുട്ടത്തുമാക്ക്, കമലമറ്റം, വാളിയപ്പാടം, ഒമ്പതാം വാര്‍ഡിലെ ഇടമറ്റം, പുത്തന്‍ചിറ, തട്ടേക്കാട്, 10, 11 വാര്‍ഡുകളിലെ ഇടപ്പാലി എന്നീ ചിറകള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്.
ബാക്കിയുള്ളവ പലകകള്‍ ഇല്ലാത്തതിനാലും കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും നശിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചിറകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.
പാടശേഖരങ്ങള്‍ക്ക് സമീപമുള്ള തോടുകളിലെ ഈ ചിറകള്‍ നശിക്കുന്നതിനാല്‍ കൃഷിക്ക് വേണ്ടത്ര വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്.
തകര്‍ന്നു കിടക്കുന്ന ചിറകള്‍ എത്രയും പെട്ടെന്ന് നവീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയം പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ മാത്യു പറഞ്ഞു.
ചിറകള്‍ നവീകരിക്കുന്നതിന് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു

More Citizen News - Ernakulam