ചെറായി ബീച്ച് റോഡ് ആര് പുനര്‍നിര്‍മ്മിക്കും
Posted on: 10 Sep 2015
ചെറായി : കുഴികള്‍ വ്യാപകമായതോടെ ചെറായി ബീച്ച് റോഡിലൂടെ സഞ്ചരിക്കുന്ന നാട്ടുകാരുടെയും വിദേശികള്‍ അടക്കമുള്ള ടൂറിസ്റ്റുകളുടേയും നടുവൊടിയുന്നു.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാകട്ടെ പലപ്പോഴും അപകടത്തില്‍ പെടുന്നത് ഇവിടെ പതിവായി. നൂറുകണക്കിനു ടൂറിസ്റ്റുകളും നാട്ടുകാരും നിരന്തരം സഞ്ചരിക്കുന്ന പള്ളത്താംകുളങ്ങര മുതല്‍ വടക്കോട്ട് മുനമ്പം മുസിരിസ് ബീച്ച് വരെയുള്ള ബീച്ച് റോഡിന്റെ അവസ്ഥയാണിത്.
ഇവിടെ ചില മേഖലകളില്‍ റോഡ് ഇല്ല. മെറ്റലും മറ്റും ഇളകിപ്പോയതിനാല്‍ റോഡ് നാമാവശേഷമായി. തീരെ ഇടുങ്ങിയ റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് കുഴികള്‍ മാറ്റിയെടുത്ത് കൊണ്ടുപോകാനും കഴിയില്ല.
വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി റോഡ് ഈ വിധം കിടക്കുകയാണ്. ടൂറിസം വകുപ്പോ സ്ഥലം എംഎല്‍എ യോ പൊതുമരാമത്തോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
റോഡ് ആര് പുനര്‍നിര്‍മ്മിക്കുമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ചോദ്യം. എടവനക്കാട് ഞാറയ്ക്കല്‍, കുഴുപ്പിള്ളി മേഖലകളില്‍ റോഡ് കുഴികള്‍ നിറഞ്ഞ് കിടക്കുകയാണ്.