ഗുരുനിന്ദ: ശ്രീമൂലനഗരത്ത് എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റില്‍ ചേരിതിരിവ്‌

Posted on: 09 Sep 2015കാലടി: ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. ശ്രീമൂലനഗരത്ത് സംഘടിപ്പിച്ച പ്രകടനത്തില്‍ ഹിന്ദു ഐക്യവേദിയെ പങ്കെടുപ്പിച്ചതിനെച്ചൊല്ലി എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റില്‍ ചേരിതിരിവ്. സംഘപരിവാര്‍ കൂട്ടുകെട്ടിനെതിരെ സി.പി.എം. അനുകൂലികളായ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ആശയങ്ങളെ കുരിശിലേറ്റിയവരുടെ കാവിക്കൊടിയുടെ കൂടെ ചേര്‍ക്കാനുള്ളതല്ല എസ്.എന്‍.ഡി.പി. യോഗത്തിന്റെ മഞ്ഞക്കൊടി, ഹിന്ദുത്വത്തിന്റെ വിഷപ്പാമ്പുകള്‍ക്ക് ഇവിടെ സ്ഥാനമില്ല തുടങ്ങിയ വരികളാണ് ഫ്‌ലക്‌സില്‍ എഴുതിയിരുന്നത്.
ശ്രീനാരായണ യൂത്ത് മൂവ്‌മെന്റ് ശ്രീമൂലനഗരത്തിന്റെ പേരിലാണ് ഫ്‌ലക്‌സ് ഇറക്കിയത്. ഇത് ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി അനുഭാവികളായ യൂത്ത് മൂവ്‌മെന്റ്്്്്് പ്രവര്‍ത്തകരും ശാഖാ പ്രവര്‍ത്തകരും ശാഖാ ഓഫീസില്‍ എത്തുകയും സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തു.
ഫ്‌ലക്‌സ് സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ശാഖാ അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ യൂത്ത് മൂവ്‌മെന്റിനെ പിരിച്ചുവിടണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തി. ഇതിനെച്ചൊല്ലി ഏറെ നേരം തര്‍ക്കം ഉണ്ടായി. ഫ്‌ലക്‌സ് സംഭവത്തില്‍ പ്രതിഷേധിച്ച്്് ശാഖയുടെ നേതൃത്വത്തില്‍ വൈകീട്ട് പ്രകടനം നടന്നു. വിഷയം എസ്.എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും.

More Citizen News - Ernakulam