മെഡി. കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ ട്രെഡ്മില്‍ കേടായിട്ട് മാസങ്ങള്‍

Posted on: 09 Sep 2015രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നു

കളമശ്ശേരി:
എറണാകുളം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തിലെ കേടായ ട്രെഡ്മില്‍ യന്ത്രം നന്നാക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടില്‍. അസൗകര്യങ്ങളുടെ കേന്ദ്രമായ ഹൃദ്രോഗ വിഭാഗത്തില്‍ രോഗികള്‍ക്ക് ആശ്വാസമായിരുന്ന സേവനമായിരുന്നു ട്രെഡ്മില്‍. മാസങ്ങള്‍ക്ക് മുന്‍പ് ഇത് പണിമുടക്കിയതോടെ അധികൃതരും യന്ത്രത്തെ മറന്നു. ഒടുവില്‍ ആഴ്ചകള്‍ക്ക് മുന്‍പ് സ്വകാര്യ ഏജന്‍സി യന്ത്രം കൊണ്ടുപോയി.
ഓരോ ആഴ്ചയും 200ല്‍ അധികം രോഗികള്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ദുരവസ്ഥ നേരത്തെയും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും അധികാരികള്‍ കൈക്കൊണ്ടിട്ടില്ല. ഇപ്പോള്‍ ഹൃദ്രോഗ വിഭാഗത്തില്‍ ആകെ ലഭിക്കുന്ന സേവനം 'എക്കോ'യാണ്. പഴഞ്ചന്‍ യന്ത്രത്തിലെ എക്കോ പരിശോധനയും എത്രനാള്‍ തുടരാന്‍ ആകുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടര്‍ പറയുന്നു.
ആയിരം രൂപയാണ് പുറത്ത് സ്വകാര്യ ലാബുകള്‍ ട്രെഡ്മില്‍ പരിശോധനയ്ക്ക് ഈടാക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഏഴ് മാസത്തോളമായി ഇതാണ് അവസ്ഥ. ട്രെഡ്മില്‍ കേടായ കാര്യം അധികാരികളെ അറിയിച്ചെങ്കിലും ഇക്കാലയളവില്‍ ആരും താത്പര്യം കാണിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വീക്ഷിക്കുന്നതിനാണ് ട്രെഡ്മില്‍ ഉപയോഗിക്കുന്നത്. നെഞ്ച് വേദന ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ട് എന്ന് സ്ഥിരീകരിക്കുന്ന പ്രാഥമിക ടെസ്റ്റുകളില്‍ ഒന്നാണ് ഇത്.
മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരേയൊരു ഡോക്ടറാണ് ഇപ്പോള്‍ ഉള്ളത്. മുന്‍പ് മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ള ഡോക്ടര്‍ താത്കാലികക്കാരനാണ്. ഡോക്ടര്‍മാര്‍ കുറഞ്ഞതോടെ പുറത്തുനിന്നുള്ള രോഗികളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇപ്പോള്‍ ദിവസേന 45 രോഗികളെ മാത്രമേ പരിശോധിക്കാന്‍ കഴിയുന്നുള്ളു. ഈ വിഭാഗത്തില്‍ ആകെയുള്ളത് ഒരു അറ്റന്‍ഡര്‍ മാത്രമാണ്. മറ്റ് ജീവനക്കാരില്ല. എക്കോ യന്ത്രവും മുന്‍പ് ട്രെഡ്മില്ലും പ്രവര്‍ത്തിപ്പിച്ചിരുന്നത് ഡോക്ടര്‍ തന്നെയായിരുന്നു. ഹൃദ്രോഗ വിഭാഗം ഇല്ലാത്തത് കൊണ്ട് മറ്റു വാര്‍ഡുകളിലാണ് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗികളെ കിടത്തുന്നത്.

More Citizen News - Ernakulam