പോലീസ് തെരുവിലിറങ്ങി, ശുചീകരണത്തിന്‌

Posted on: 09 Sep 2015ചെറായി : ക്രമസമാധനത്തിന് പുറമെ ശ്രമദാനവും കൂടി ഏറ്റെടുത്ത മുനമ്പം പോലീസ് ജനമൈത്രിക്ക് മാതൃകയായി.
സംസ്ഥാന പാതയ്ക്കരുകില്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന പാഴ്‌ച്ചെടികള്‍ കൂട്ടത്തോടെ പിഴുതുമാറ്റി കാല്‍നടക്കാര്‍ക്ക് പാതയൊരുക്കിയാണ് പോലീസ് മാതൃക കാട്ടിയത്. മുനമ്പം പോലീസ് സ്റ്റേഷന്റെ കവാടം മുതല്‍ തെക്കോട്ട് പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂള്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി പാഴ്‌ച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. രണ്ട് മൂന്ന് ചെറിയ അപകടങ്ങളും ഇവിടെ നടന്നു. പാതയോരം കാടുകയറിയതിനാല്‍ കാല്‍നടക്കാര്‍ റോഡിലേക്ക് കയറിയാണ് നടന്നിരുന്നത്. ഇതാണ് പല അപകടത്തിനും കാരണമായത്. എന്നാല്‍ പഞ്ചായത്തോ മറ്റ് അധികൃതരോ പാതയോരം വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കാന്‍ മുന്നോട്ട് വന്നില്ല. ഇതേ തുടര്‍ന്ന് മുനമ്പം പ്രിന്‍സിപ്പല്‍ എസ് ഐ ജി. അരുണ്‍, അഡീഷണല്‍ എസ്‌ഐമാരായ മുരളി, ദിലീപ്കുമാര്‍, അസീസ്, മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുറച്ച് പോലീസുകാര്‍ രംഗത്തെത്തി സ്വയമേ ശ്രമദാനം നടത്തി പാതയോരം വെളുപ്പിക്കുകയായിരുന്നു. അതിരാവിലെയായതിനാല്‍ ശ്രമദാനം ഇവരുടെ ദൈനംദിന ജോലികളെ ബാധിച്ചുമില്ല. മാത്രമല്ല ഈ സല്‍ക്കര്‍മം റൂറല്‍ എസ് പി നിര്‍ദ്ദേശിച്ച റോഡ് സുരക്ഷയുടെ ഭാഗമാക്കുവാനും പോലീസുകാര്‍ക്ക് സാധിച്ചു.

More Citizen News - Ernakulam