1200 മീറ്റര്‍ ചെമ്പ്കമ്പി മോഷണം പോയി
Posted on: 09 Sep 2015
കുന്നുകര: കുന്നുകര വൈദ്യുതി ഓഫീസിനുകീഴില്‍ നോര്‍ത്ത് കുത്തിയതോട് കോട്ടയ്ക്കല്‍ ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ വേളാങ്കണ്ണി കോളനിവരെ വലിച്ചിരുന്ന 1200 മീറ്റര്‍ ചെമ്പ്കമ്പി മോഷണം പോയി. 8 പോസ്റ്റുകളിലൂടെ 400 മീറ്റര്‍ നീളത്തില്‍ വലിച്ചിരുന്ന മൂന്ന് ലൈന്‍ കമ്പികളാണ് മോഷ്ടിച്ചത്. ഒരുലക്ഷം രൂപയോളം വിലവരും. ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്.
തിങ്കളാഴ്ച രാവിലെ കമ്പി പൊട്ടിക്കിടക്കുന്നത്കണ്ട് നാട്ടുകാര്‍ വൈദ്യുതി ഓഫീസിലേക്ക് വിളിച്ചിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് കമ്പി മോഷണം പോയതറിയുന്നത്. എ.ഇ. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചെങ്ങമനാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വൈദ്യുതി പ്രവഹിക്കുന്ന 33 കെവി ലൈനുകള്‍ക്ക് തൊട്ടുതാഴെ കിടന്നിരുന്ന 11 കെവി കമ്പികളാണ് മുറിച്ചെടുത്തത്. പുതിയ ലൈനുകള്‍ സ്ഥാപിച്ചപ്പോള്‍ ഇവ അഴിച്ചെടുക്കാനായി നടപടികളെടുത്തുവരികയായിരുന്നു. വൈദ്യുതി പ്രവാഹമില്ലാതെ കിടന്ന ഇവ ചെമ്പുകമ്പികളാണെന്നറിയാവുന്ന വിദഗ്ദ്ധ സംഘമാണ് രാത്രി സാഹസികമായി ഇവ മുറിച്ചെടുത്തതെന്നാണ് സൂചന. ചതുപ്പുസ്ഥലത്തിന് മുകളിലൂടെയാണ് ഈ കമ്പികള്‍ വലിച്ചിരുന്നത്.