വായനശാലകളെ ശക്തിപ്പെടുത്തണം -കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്.
Posted on: 09 Sep 2015
കരുമാല്ലൂര്‍: നവസമൂഹം വായനയില്‍നിന്നും വിട്ടുനില്‍ക്കുന്നത് ആശങ്കാജനകമാണെന്നും സംസ്കാര സമ്പന്നമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തണമെന്നും സാഹിത്യകാരന് കൂടിയായ ഗ്രാമവികസന കമ്മീഷണര്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്. അഭിപ്രായപ്പെട്ടു. വായനശാലകളുടെ അടിസ്ഥാനവികസനം ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലങ്ങാട് ബ്ലോക്ക്പഞ്ചായത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും വായനശാലകള്‍ക്കുള്ള പുസ്തക വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ സേതു, ഗ്രേസിടീച്ചര്‍, സാമൂഹികപ്രവര്ത്തകന് എം.എന്‍.പി നായര്‍ എന്നിവരെ ആദരിച്ചു. സംസ്ഥാനസര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച വെര്‍ച്വല്‍ ക്ലാസ്സ്മുറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 10 ലക്ഷം രൂപയുടെ ഡി.ഡി. കമ്മീഷണര്‍ കൈമാറി. സുരേഷ് മുട്ടത്തില്‍, കെ.ജെ.ടോമി, പി.എ.ജസ്റ്റിന്, കെ.കെ.ജിന്നാസ്, ടി.യു.പ്രസാദ്, മേഴ്സി ജോണി, ബീനാബാബു, എം.വി.ലോറന്‍സ്, സൈഫുന്നീസ റഷീദ്, എ.എം.അബ്ദുല്‍സലാം, പി.ആര്.രഘു എന്നിവര്‍ സംസാരിച്ചു.