തമിഴിലെ 'രാജ' മലയാളത്തിലും മാണിക്യം

Posted on: 09 Sep 2015കാക്കനാട്: തമിഴിന് ഏറെ വഴക്കമുള്ള നാവെങ്കിലും മലയാള അക്ഷരങ്ങളും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം കൈപ്പിടിയിലൊതുക്കി. സാക്ഷരതാ ദിനത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ എല്‍.പി. സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ കളക്ടര്‍ അക്ഷരങ്ങള്‍ എഴുതിയാണ് കുട്ടികള്‍ക്ക് ഗുരുനാഥനായത്.
ചൊവ്വാഴ്ച ഉച്ചയോടെ ഓണപ്പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ജില്ലാ ഭരണാധികാരിയുടെ സന്ദര്‍ശനം. ഔദ്യോഗിക പരിവേഷങ്ങളില്ലാതെ എത്തി കുട്ടികളുമായി സംസാരിച്ച് അവര്‍ക്ക് പ്രിയനായി മാറാന്‍ അധിക നേരം വേണ്ടിവന്നില്ല. കളക്ടറെ പോലെ തന്നെ ഈ നാട്ടുകാരല്ലാത്ത കുരുന്നുകളില്‍ ചിലരും ഇവിടെ പഠിക്കുന്നുണ്ട്. മലയാളികള്‍ മലയാളത്തെ മറക്കുന്നിടത്താണ് കളക്ടറും അന്യ സംസ്ഥാന കുട്ടികളും സ്വന്തം പേര് മലയാളത്തില്‍ ബോര്‍ഡിലെഴുതിയത്.
സാധാരണക്കാരുടെയും അന്യസംസ്ഥാനക്കാരുടെയും ഉള്‍പ്പെടെ 70 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കളക്ടറുടെ സന്ദര്‍ശനം കുട്ടികളിലും അധ്യാപകരിലും പുത്തനുണര്‍വാണ് സൃഷ്ടിച്ചത്. അധ്യാപകര്‍ കളക്ടറെ കണ്ട് ഭയ ബഹുമാനത്തോടെ മാറി നിന്നപ്പോള്‍ കുട്ടികളുമായി അദ്ദേഹം സൗഹൃദത്തിലായി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ബംഗാളി കുട്ടി ബുദ്ധദേവിനെ എടുത്തുകൊണ്ടാണ് കളക്ടര്‍ ക്ലാസ് മുറിയിലേക്ക് കയറിയതുതന്നെ. തന്നെ അറിയാമോ എന്ന ചോദ്യത്തിന് കൈകള്‍ ഉയര്‍ത്തി കളക്ടര്‍ എന്ന് കുട്ടികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല.
ഭാവിയില്‍ ആരാകാനാണ് താത്പര്യമെന്ന കളക്ടറുടെ ചോദ്യത്തിന്, പോലീസും ഡോക്ടറും എന്നായിരുന്നു കുട്ടികളുടെ മറുപടി. കളക്ടറാകാന്‍ ആര്‍ക്കും താത്പര്യമില്ലേ എന്ന ചോദ്യത്തിന് വിചിത്രമായിരുന്നു കുട്ടികളുടെ മറുപടി; ഒരാള്‍ക്ക് പോലും കളക്ടറാകാന്‍ താത്പര്യമില്ല. അവരുടെ ജീവിത സാഹചര്യത്തില്‍ നിന്നുള്ള മറുപടി അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരത്തുകയും ചെയ്തു. ഇവിടത്തെ സമാനമായ സാഹചര്യത്തില്‍ നിന്നാണ് തമിഴ്‌നാട്ടില്‍ പഠിച്ച് സിവില്‍ സര്‍വീസിലെ ഉന്നത പദവിയിലേക്ക് അദ്ദേഹമെത്തിയത്. താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മേല്‍ക്കൂര പോലും ഉണ്ടായിരുന്നില്ലെന്ന് കളക്ടര്‍ പറഞ്ഞു.
തെറ്റ് കൂടാതെ കളക്ടറും ബംഗാളി കുട്ടികളും അവരവരുടെ പേര് ബോര്‍ഡിലെഴുതി. കുട്ടികളുടെ പേരും കളക്ടര്‍ ബോര്‍ഡിലെഴുതി. ബംഗാളികളായ കുട്ടികളും മലയാളത്തില്‍ പേരെഴുതി സാക്ഷര കേരളത്തിന് അഭിമാനമായി.
ഹെഡ്മിസ്ട്രസ് എം.ആര്‍. രാധാമണി, അധ്യാപകരായ മോളി പോള്‍, സൗദാമിനി, കെ.ബി. റുക്കീന എന്നിവര്‍ ചേര്‍ന്നാണ് കളക്ടറെ സ്വീകരിച്ചത്.

More Citizen News - Ernakulam