ഹോട്ടലില്‍ നിന്നു സംഭാവനപ്പെട്ടി മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Posted on: 09 Sep 2015
ആലുവ: ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ വച്ചിരുന്ന പള്ളിയുടെ സംഭാവനപ്പെട്ടി മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ദേശീയ പാതയില്‍ മുട്ടം തൈക്കാവ് സ്റ്റോപ്പിലെ ഹോട്ടല്‍ സുരഭിയിലാണു മോഷണ ശ്രമം നടന്നത്.
ഇതിനു മുമ്പ് ഈ ഹോട്ടലില്‍ നിന്ന് സംഭാവനപ്പെട്ടി നഷ്ടപ്പെട്ടിരുന്നു. ക്യാഷ് കൗണ്ടറിനു സമീപം ചുറ്റിപ്പറ്റി നിന്ന ഇയാളെ കണ്ടപ്പോള്‍ സംഭാവനപ്പെട്ടി മോഷ്ടിച്ചയാളാണെന്ന് സംശയം തോന്നി. ഇതേ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന സംഭാവനപ്പെട്ടി ഇയാള്‍ നിന്ന സ്ഥലത്തേക്ക് നീക്കി വച്ച് ഹോട്ടലുടമ മാറി നിന്ന് നിരീക്ഷിച്ചു. ഇതിനു ശേഷം ഇയാള്‍ ആരുമറിയാതെ സംഭാവനപ്പെട്ടി ബാഗിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ ഇയാളെ ശ്രദ്ധിച്ചിരുന്ന ഹോട്ടലുടമ ഒച്ചയുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇയാളുടെ ബാഗില്‍ നിന്നും 4600 രൂപയും ഒരു കത്തിയും കണ്ടെത്തി. ഇയാളുടെ കൈയില്‍ നിന്നും ലഭിച്ച പേപ്പറില്‍ ജില്ലയിലെ 19 ഹോട്ടലുകളുടെ പേരുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പിയില്‍ ചന്ദ്രശേഖരന് എന്നാണു പേരു കൊടുത്തിരിക്കുന്നത്.