വ്യവസായ പ്രമുഖര്‍ക്ക് ആനക്കൊമ്പ് ശില്പങ്ങള് വിറ്റിട്ടില്ലെന്ന് പ്രതിയും അന്വേഷണ സംഘവും
Posted on: 09 Sep 2015
കോതമംഗലം: ആനക്കൊമ്പിന്റെ കരകൗശല ഉല്പന്നങ്ങള് വന്‍ വ്യവസായികള്‍ക്ക് വില്പന നടത്തിയതായി തന്റെ ഡയറിയിലുണ്ടെന്നു കാണിച്ച് ചില ചാനലുകളില്‍ വന്ന വാര്‍ത്ത ആനക്കൊമ്പ് കേസിലെ മുഖ്യ പ്രതി തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റ് മാധ്യമങ്ങള്‍ മുമ്പാകെ നിഷേധിച്ചു. ഇന്ത്യയിലെ പല വ്യവസായ പ്രമുഖരുടെയും പേരുകള്‍ സഹിതമായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചായിരുന്നു വാര്‍ത്ത. റിമാന്‍ഡ് കാലാവധി നീട്ടാന്‍ കോതമംഗലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അജിയുടെ വെളിപ്പെടുത്തല്‍. തന്റെ ഡയറിയില്‍ നിന്ന് പേര് ലഭിച്ചുവെന്ന വിവരം അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു ഡയറി പോലും തനിക്കില്ലായെന്നും അജി ബ്രൈറ്റ് പറഞ്ഞു.
അജി ബ്രൈറ്റിന്റെ ഡയറി വനം വകുപ്പിന് കിട്ടിയെന്ന് ചില ചാനലുകളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ആനവേട്ട കേസിന്റെ അന്വേഷണ സംഘം തലവനും മലയാറ്റൂര്‍ ഡി.എഫ്.ഒ.യുമായ കെ. വിജയാനന്ദ് 'മാതൃഭൂമി'യോട് പറഞ്ഞു. തിരുവനന്തപുരത്ത് അജിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അജിയില്‍ നിന്ന് ലഭിച്ച ആനക്കൊമ്പ് ഉള്‍പ്പെടെയുള്ള എല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു ഡയറി പ്രതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഡി.എഫ്.ഒ. പറഞ്ഞു.
അജി ബ്രൈറ്റ് ആനക്കൊമ്പ് കച്ചവടത്തില്‍ അന്തസ്സംസ്ഥാന ബന്ധമുള്ളയാളാണ്. കേരളത്തിലെ ആനവേട്ടക്കാരില്‍ നിന്ന് കൊമ്പ് വാങ്ങി വിവിധ കരകൗശല ഉല്പന്നങ്ങള് പണിത് വില്‍ക്കുന്നത് അജി ബ്രൈറ്റും പ്രീസ്റ്റണ് സില്‍വയുമാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ ആനക്കൊമ്പ് ഉല്പന്നങ്ങള് വില്പന നടത്തുന്നതിലെ പ്രധാന കണ്ണി അജിയാണ്. മൂന്ന് സംസ്ഥാനങ്ങളിലായി ആറ് പേര്‍ക്കാണ് ഇവര്‍ ഉല്പന്നങ്ങള് വില്‍ക്കുന്നത്. ഇവരില്‍ കൊല്‍ക്കത്ത തങ്കച്ചിയെന്ന് അറിയപ്പെടുന്ന സിന്ധു കേരള സ്വദേശിനിയാണ്.
അന്തസ്സംസ്ഥാന പ്രതികളെ പിടികൂടാന്‍ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് രണ്ട് ആഴ്ച മുമ്പ് വനം വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടുണ്ട്. കേസിന്റെ കുറ്റപത്രം ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും വിജയാനന്ദ് 'മാതൃഭൂമി'യോട് പറഞ്ഞു. മുഴുവന്‍ പ്രതികളേയും അടുത്ത ദിവസം തന്നെ പിടികൂടാന്‍ കഴിയുമെന്ന് അന്വേഷണ സംഘം പറഞ്ഞു.