കാലടിയില്‍ ഭരണം പരാജയം: എല്‍.ഡി.എഫ്.

Posted on: 09 Sep 2015കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വര്‍ഷത്തെ യു.ഡി.എഫ്. ഭരണം തികഞ്ഞ പരാജയമായിരുന്നെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ മാത്യൂസ് കോലഞ്ചേരിയും പ്രതിപക്ഷ നേതാവ് എം.ടി.വര്‍ഗീസും പത്രസമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതിപ്പണത്തിന്റെ 50 ശതമാനത്തോളം തുക കെട്ടിടനിര്‍മാണത്തിന് മാത്രം ചെലവഴിച്ച് അഴിമതി ഭരണമാണ് നടത്തിവരുന്നത്. 1981 ലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയതാണ് എം.സി.റോഡിലെ നാലേക്കര്‍ ഭൂമി. കണ്ണായ സ്ഥലത്തെ ഈ ഭൂമി പല വിഭാഗങ്ങള്‍ക്കായി മുറിച്ചു നല്‍കി. എല്‍.ഡി.എഫ്. കൊണ്ടുവന്ന മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് ബസ് ടെര്‍മിനല്‍ പദ്ധതി ഇല്ലാതാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ക്കായി ആരംഭിച്ച ചാക്ക് നിര്‍മാണ യൂണിറ്റ് നിര്‍ത്തലാക്കി. ഇതിന്റെ മെഷിനറിയും സാധനസാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയാണ്. പഞ്ചായത്തിന്റെ ഗ്യാസ് പൊതുശ്മശാനം പ്രവര്‍ത്തിപ്പിക്കാതെ അടച്ചുപൂട്ടി. കൊയ്ത്തുമെതിയന്ത്രം കട്ടപ്പുറത്ത് കയറ്റി. അറവുശാലയുടെ പണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇ.എം.എസ് ഭവനപദ്ധതി ഉപേക്ഷിച്ചു.പഞ്ചായത്തിന്റെ വാഹനം പ്രസിഡന്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. മന്ത്രി കെ.ബാബുവിന്റേയും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സാബുവിന്റേയും പിടിവാശിമൂലമാണ് കാലടിയില്‍ സമാന്തരപാലം ഇനിയും യാഥാര്‍ഥ്യമാകാതിരിക്കുന്നത്-ഇരുവരും പറഞ്ഞു.
സപ്തംബര്‍ പത്തിന് നടക്കുന്ന പഞ്ചായത്ത് ഓഫീസിന്റേയും മത്സ്യമാര്‍ക്കറ്റിന്റേയും ഉദ്ഘാടന ചെലവിനായി ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടും വ്യവസായ ഉടമകളില്‍ നിന്നും മറ്റും പണപ്പിരിവ് വ്യാപകമാണെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ എം.ഇ.മജീദ്, വി.ബി.സിദില്‍കുമാര്‍ എന്നിവരും പഞ്ചായത്ത് പ്രതിപക്ഷ മെമ്പര്‍മാരും പങ്കെടുത്തു.

More Citizen News - Ernakulam