അശാസ്ത്രീയമായ കലുങ്ക് നിര്‍മാണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതി

Posted on: 09 Sep 2015കരുമാല്ലൂര്‍: ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് അശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതി ആലങ്ങാട് മേഖലാകമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. നിര്‍മിച്ചിരിക്കുന്ന കലുങ്ക് പൊളിച്ച് കുറ്റമറ്റതാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നീറിക്കോട് എസ്.എന്‍.ഡി.പി. കവലയ്ക്ക് സമീപമാണ് ഒരുമാസംമുമ്പ് കലുങ്ക് നിര്‍മിച്ചത്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനെന്നപേരില്‍ നിലവില്‍ വെള്ളം ഒഴുകിപ്പോയിരുന്ന ചപ്പാത്തിനുപകരമായാണ് കലുങ്ക് നിര്‍മിച്ചത്. എന്നാല്‍ റോഡിന്റെ ഇരുവശങ്ങളില്‍നിന്നും കുത്തനെ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി. കവലയില്‍നിന്നും പടിഞ്ഞാറേ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നത്. കലുങ്ക് നിര്‍മിച്ചിരിക്കുന്നതിനാല്‍ വണ്ടികള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നു. എസ്.എന്‍.ഡി.പി. ഓഫീസ് കെട്ടിടത്തിന്റെ മതിലിനും ഇത് ഭീഷണിയാണ്. അതുകൊണ്ട് നേരത്തേതന്നെ എസ്.എന്‍.ഡി.പി. ശാഖാകമ്മിറ്റി പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ യാതൊരു നടപടിയുമുണ്ടാകാതെയായതോടെയാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു ഉപയോഗവുമില്ലാതെ ഇത്തരത്തില്‍ പൊതുപണം ചെലവാക്കിയതില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മേഖലായോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗം സംസ്ഥാന കമ്മിറ്റി ടി.ഡി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിജു രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ്ബ് ജോര്‍ജ്, അഡ്വ. ഫെബിന്‍ ജെയിംസ്, രാജീവ് നെടുകപ്പിള്ളി, എ.വി.കെ. ബക്കര്‍, ഷൈന്‍ കളത്തില്‍, എം.എ. ഫ്രാന്‍സിസ്, കെ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam