കൊച്ചിയില്‍ തുടര്‍ച്ച മോഹിച്ച് കോണ്‍ഗ്രസ് ; ജയസാധ്യതയുള്ളവരെ തേടി സി.പി.എം. കെ. പത്മജന്
Posted on: 09 Sep 2015
കൊച്ചി: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസിലെ ചര്‍ച്ച കൊച്ചിയുടെ മേയര്‍ ആരായിരിക്കണം എന്നതിനെക്കുറിച്ചാണ്.
സി.പി.എം. ആകട്ടെ, പാര്‍ട്ടി അംഗമാണോ, എന്നതിനപ്പുറം ജനസമ്മതി നോക്കി വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി കോര്പറേഷന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
മേയര്‍പദം ഇത്തവണ വനിതാ സംവരണമാണ്. തിളക്കമുള്ള കസേരയായതിനാല്‍ കൊച്ചി മേയര്‍ കുപ്പായത്തിനായി മുതിര്‍ന്ന നേതാക്കള്‍ വരെ ഒരുങ്ങുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വീണ്ടും ഭരിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥിയാവാന്‍ മൂന്നും നാലും പേര് ഉണ്ടെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നം. വനിതാ സംവരണ സീറ്റുകളില്‍ നിലവിലെ വനിതാ അംഗങ്ങള്‍ നോട്ടം വെച്ചിട്ടുമുണ്ട്. സ്വന്തം ഡിവിഷനോടു ചേര്‍ന്നുള്ള സംവരണ സീറ്റുകള്‍ കേന്ദ്രീകരിച്ച് പലരും പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്.
ജനറല്‍ സീറ്റുകളില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെതന്നെ പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്തുകയും മറ്റുള്ളവരെ അനുനയിപ്പിച്ച് നിര്‍ത്തുകയുമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥി നിര്‍ണയ പരാതികള്‍ മാത്രമേ മുകള്‍ത്തട്ടില്‍ കേള്‍ക്കുകയുള്ളൂ എന്ന് കെ.പി.സി.സി. തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി. നേതൃത്വത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാമെന്നതിനാല് മുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥി ഇറങ്ങിവരാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല.
മേയര്‍ സ്ഥാനത്തേക്ക് നിലവിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര് രംഗത്തുണ്ട്. ഇതില്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്രയുടെയും വര്‍ക്സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമിനി ജെയിനിന്റെയും പേരുകളാണ് പ്രധാനമായി കേള്‍ക്കുന്നത്.
എന്നാല്‍ മുതിര്‍ന്ന വനിതാ നേതാക്കളും വന്നേക്കുമെന്ന സൂചനകളുമുണ്ട്. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ പേരാണ് ഇതില്‍ പ്രധാനമായി കേള്‍ക്കുന്നത്. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിന്റെ പേരും അവസാന നിമിഷം കേറിവന്നേക്കുമെന്ന് കരുതുന്നു. പനമ്പിള്ളി നഗറില്‍ താമസിക്കുന്ന പത്മജ അവിടത്തെ വനിതാ സംവരണ സീറ്റില്‍ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹം കോണ്‍ഗ്രസ് നേതൃത്വം തള്ളുന്നില്ല. ലാലി വിന്‍സെന്റ് കൊച്ചി നഗരസഭാ മുന്‍ കൗണ്‍സിലറാണ്. മേയര്‍ സ്ഥാനത്തിന് ലാലി രംഗത്തിറങ്ങിയാല്‍ അത് നേതൃത്വത്തിന് തള്ളാന്‍ എളുപ്പമാവില്ല.
ഇടതുമുന്നണിയില്‍ മേയര്‍ സ്ഥാനാര്‍ഥി ആരെന്ന ഔദ്യോഗിക അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. മുന്‍ വനിതാ കമ്മീഷന് അംഗം പ്രൊഫ. മോനമ്മ കൊക്കാടിന്റെ പേരാണ് നേതാക്കള്‍ക്കിടയില്‍ പറഞ്ഞുകേള്‍ക്കുന്നത്. പാര്‍ട്ടിയിലെ തന്നെ വനിതാ നേതാക്കളും മേയര്‍ കസേര ലക്ഷ്യമിട്ട് കണക്കുകൂട്ടലുകളോടെ രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ടുതവണ കൗണ്സിലറായവര് ഇക്കുറി മാറി നില്‍ക്കണമെന്ന നിര്‍ദേശം സി.പി.എമ്മിന് ലഭിച്ചിട്ടുണ്ട്. കോര്പ്പറേഷന് അതിര്‍ത്തിയിലെ നാല് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ലോക്കല്‍ സെക്രട്ടറിമാരെയും ഒരുമിച്ചുകൂട്ടി, സ്ഥാനാര്‍ത്ഥികളെ എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമം കര്‍ശനമാക്കിയാല്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം ഒഴിവാക്കേണ്ടി വരും. അതേസമയം പ്രവര്‍ത്തന പരിചയമുള്ള എല്ലാവരെയും ഒഴിവാക്കിയാല്‍ അത് തിരിച്ചടിയാവുമെന്നതിനാല്‍, ചില പ്രധാന നേതാക്കളെ നിലനിര്‍ത്തേണ്ടതായും വരും.
സമൂഹത്തിന് സ്വീകാര്യരായവരെ സ്ഥാനാര്‍ഥിയാക്കുക എന്നതാണ് സി.പി.എം. പരിഗണിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. ചെറുപ്പക്കാര്‍ക്കും കഴിവുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും രാജീവ് പറഞ്ഞു.