പോലീസ് സ്റ്റേഷനിലെ കൈയാങ്കളി: സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: 08 Sep 2015കൊച്ചി: എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തെപ്പറ്റി അന്വേഷിച്ച തൃക്കാക്കര അസി. കമ്മീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിനോജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഉത്തരവിട്ടത്.
സി.പി.ഒ. ഷിനോജ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും മേലുദ്യോഗസ്ഥന്റെ നിര്‍ദേശം പാലിക്കാതെ അപമര്യാദയായി പെരുമാറിയെന്നും മര്‍ദനമേറ്റെന്ന വ്യാജേന ആസ്​പത്രിയില്‍ അഡ്മിറ്റായതാണെന്നും അസി. കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗത്ത് സ്റ്റേഷനില്‍ വെച്ച് സൗത്ത് എസ്.ഐ വിബിനും സിപിഒ ഷിനോജും തമ്മില്‍ വാക്കേറ്റമുണ്ടായത്. ബൈക്കില്‍ പട്രോളിംഗ് നടത്തുന്ന റോമിയോ ഡ്യൂട്ടിയെച്ചൊല്ലിയായിരുന്നു തര്‍ക്കം.
സ്റ്റേഷനിലെ റസ്റ്റ് റൂമിനുള്ളില്‍ വെച്ചുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ തന്നെ മര്‍ദിച്ചെന്നാരോപിച്ച് സിപിഒ ഷിനോജ് എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ എസ്.ഐ ഡ്യൂട്ടിക്ക് പോകാതിരുന്ന സിപിഒ യോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എന്നാല്‍ മേലുദ്യോഗസ്ഥനോട് പെരുമാറേണ്ട വിധത്തിലായിരുന്നില്ല സിപിഒ യുടെ പ്രതികരണം എന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല സ്റ്റേഷനില്‍ നിന്ന് പുറത്തുപോകുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെ സിപിഒ ഷിനോജ് പുറത്തുപോയതായും വ്യാജ പരിക്ക് അഭിനയിച്ച് ആസ്​പത്രിയില്‍ എത്തിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എസ്.ഐ തന്നെ കഴുത്തിനു പിടിച്ചുതള്ളിയതായി സിപിഒ പരാതിയില്‍ പറഞ്ഞിരുന്നെങ്കിലും കൈയാങ്കളി നടന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഡിസിപി ഹരിശങ്കര്‍, സംഭവത്തെപ്പറ്റി അന്വേഷിച്ച തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ എന്നിവര്‍ തിങ്കളാഴ്ച വൈകീട്ട് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയാണ് സിപിഒ ഷിനോജിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സംഭവത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം അസി. കമ്മീഷണര്‍ എസ്.ടി. സുരേഷ് കുമാറിനെ കമ്മീഷണര്‍ ചുമതലപ്പെടുത്തി.

More Citizen News - Ernakulam