കരാര്‍-ദിവസക്കൂലിക്കാരുടെ വേതനം വര്‍ധിപ്പിക്കും
Posted on: 08 Sep 2015
ഗവ. മെഡിക്കല്‍ കോളേജില്‍
കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരുടെയും ദിവസക്കൂലിക്കാരുടെയും വേതനം വര്‍ധിപ്പിക്കും. നിലവില്‍ ഇത്തരം ജീവനക്കാര്‍ ജോലി ചെയ്യുന്ന തസ്തികയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളവും ഡിഎയുമായിരിക്കും കരാര്‍-ദിവസക്കൂലിക്കാര്‍ക്ക് ലഭിക്കുക.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് കൂടിയ മെഡിക്കല്‍ കോളേജ് അധികൃതരുടെയും യൂണിയന് നേതാക്കളുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മെഡിക്കല്‍ കോളേജില്‍ യൂണിഫോമിന് അര്‍ഹതയുള്ളവര്‍ക്കെല്ലാം യൂണിഫോം അലവന്‍സ് നല്‍കും. നേരത്തെ തയ്യാറാക്കിയിരുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന 25 പേരെക്കൂടി ലിസ്റ്റിലുള്പ്പെടുത്താനും സര്‍ക്കാര്‍ സര്വീസിലേക്കെടുക്കാനും തീരുമാനിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ നിബന്ധനയനുസരിച്ചുള്ള വിദ്യാഭ്യാസയോഗ്യത ഇല്ലെന്നാരോപിച്ച് ലിസ്റ്റില്‍ ഉള്പ്പെടുത്താതിരുന്നവരും ഇക്കൂട്ടത്തില്‍പ്പെടും. ഇവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിയമനം നല്‍കുന്നത്.
കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത ദിവസംമുതല്‍ 'കേപ്പി'ന്റെ കീഴിലുണ്ടായിരുന്ന സ്ഥിരജീവനക്കാരുടെ സര്‍വീസ് കണക്കിലെടുക്കും. കേപ്പിന്റെ കീഴിലുള്ള 56 വയസ്സുള്ളവരെ 58 വയസ്സുവരെ തുടരാന്‍ അനുവദിക്കും. ഡോക്ടര്‍മാര്‍ക്ക് 60 വയസ്സുവരെയും.
പെന്‍ഷന്‍പ്രായം കഴിഞ്ഞവര്‍ സര്‍വീസില്‍ തുടരുന്നുണ്ടെങ്കില്‍ അവരെ കരാര്‍ ജീവനക്കാരായി പരിഗണിക്കും. അവരുടെ ശമ്പളത്തില്‍ പരമാവധി 200 രൂപയെ കുറയ്ക്കുകയുള്ളൂ.
മെഡിക്കല്‍ കോളേജില്‍ നിലവില്‍ യോഗ്യതയുള്ള എല്ലാവരെയും സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കും. ഇക്കൂട്ടരുടെ കാര്യം പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് സബ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനമനുസരിച്ചായിരിക്കും നിയമനം.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശ്വിനി കുമാര്‍, സ്പെഷല്‍ ഓഫീസര്‍ കുട്ടപ്പന്, ഡപ്യൂട്ടി സെക്രട്ടറി ബാലകൃഷ്ണന്, അക്കൗണ്ട്സ് ഓഫീസര്‍ രാധാകൃഷ്ണന്, യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.