സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
Posted on: 08 Sep 2015
അയല്പക്കക്കാര് തമ്മിലുള്ള ശത്രുതയെന്ന് പോലീസ്; ഇരു വീട്ടുകാര്‍ക്കെതിരെയും കേസെടുത്തു
കൊച്ചി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. വൈറ്റിലക്കടുത്ത് പൊന്നുരുന്നി പാരഡൈസ് റോഡില്‍ ചക്കാലക്കല്‍ ആന്റണി ഗില്‍സന്റെ മാതാവ് സെലിന് (88), ആന്റണിയുടെ ഭാര്യ പ്രേമി (44), ഇരട്ടക്കുട്ടികളായ ഫ്ലവ്യ(15), ഫ്ലവി(15), മകന് പ്രിമില്‍ (10) എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രേമിയുടെ ഇടതു കൈയ്ക്ക് വാക്കത്തികൊണ്ട് വെട്ടും തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയുമേറ്റിട്ടുണ്ട്. തലയ്ക്ക് സാരമായ പരിക്കുള്ള ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലവ്യ, ഫ്ളെവി, സെലിന് എന്നിവര്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലും ചികിത്സയിലാണ്.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ ജോലിക്കാരനായ ആന്റണിയുടെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ആക്രമണമുണ്ടായത്. അതേ സമയം അയല്പക്കക്കാര് തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇരുവീട്ടുകാരും തമ്മില്‍ നേരത്തെയും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പലതവണ കേസെടുത്തിരുന്നതായും പോലീസ് പറയുന്നു. കഴിഞ്ഞ ഒന്നാം തീയതി ആന്റണിയുടെ മക്കളെ സമീപവാസികളായ ചിലര്‍ വഴിയില്‍ വെച്ച് ആക്രമിച്ചിരുന്നതായി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി ആക്രമണം ഉണ്ടായത്.
അതേസമയം ആന്റണിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതായി കാണിച്ച് സമീപവാസിയായ വീട്ടമ്മയും കടവന്ത്ര പോലീസില്‍ പരാതി നല്കി. പൊന്നുരുന്നി വെളിപ്പറമ്പില്‍ വീട്ടില്‍ ഗ്രേസി ജോര്‍ജ് (45) ആണ് പരാതി നല്‍കിയത്. തലയ്ക്ക് പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. പരാതികളില്‍ ഇരു വീട്ടുകാര്‍ക്കെതിരെയും കേസെടുത്തതായി കടവന്ത്ര എസ്.ഐ പറഞ്ഞു. വീട്ടില്‍ കയറി ആക്രമിച്ചതിന് നാലുപേര്‍ക്കെതിരെയും വീട്ടമ്മയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.