തെരുവുനായ്ക്കളുടെ ആക്രമണം: അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും-മന്ത്രി
Posted on: 08 Sep 2015
അങ്കമാലി: തെരുവുനായ്ക്കളുടെ ആക്രമണം കേരളത്തിലെ ഏറ്റവും സങ്കീര്‍ണ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദേവാനന്ദിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് തെരുവുനായ ശല്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നതിനാല്‍ പ്രശ്നം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുമായി പ്രശ്നം ചര്‍ച്ച ചെയ്തിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയാവുന്നതെല്ലാം ചെയ്യും. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിന് ഏറ്റവും മികച്ച വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. ചികിത്സാ െചലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കും. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആന്തരിക മുറിവുകള്‍ കൂടുതലായി ഉണ്ട്. ഇത് ഭേദമാക്കുന്നതിന് ആവശ്യമായ ചികിത്സ നടത്തുന്നുണ്ട്. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് അറിവായിട്ടില്ല. അതിനാല്‍ കുട്ടിക്ക് പേവിഷ ബാധയ്ക്കെതിരായുള്ള വാക്സിനുകള്‍ നല്‍കുന്നുണ്ട്. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരും. കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.