തൃക്കാരിയൂരില്‍ കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം വീണ്ടും
Posted on: 08 Sep 2015
തെരുവുനായകള്‍
നാട്ടിലും വീട്ടിലും ഭീഷണി
കോതമംഗലം: തൃക്കാരിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം തിങ്കളാഴ്ചയും ഉണ്ടായി. ദേവാനന്ദിനെ കടിച്ചുകീറിയ കറുത്ത നായ ഉള്‍പ്പെടെയുള്ള നായ്ക്കൂട്ടം രാവിലെ സ്കൂളില്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ ചാടി വീണു. നായ്ക്കൂട്ടം വിദ്യാര്‍ഥികളെ കടിക്കാന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്നവര്‍ എത്തി നായകളെ ഓടിച്ചു. വാല് മുറിച്ചു നീക്കിയ കറുത്ത നായ മുതിര്‍ന്നവര്‍ക്ക് നേരെയും കുരച്ചു ചാടി. വടിയും പത്തലുമായി നാട്ടുകാര്‍ പിറകെ ഓടിയെങ്കിലും നായയെ പിടികിട്ടിയില്ല. വാലുമുറിച്ച കറുത്ത നായ അപകടകാരിയായി നാട്ടിലെങ്ങും ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്. നിരവധി പേരുടെ ആടുകളേയും പശുക്കിടാവിനേയും നായ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു. ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാവുന്ന തെരുവുനായകളെ അമര്‍ച്ച ചെയ്യാന്‍ നെല്ലിക്കുഴി-പിണ്ടിമന പഞ്ചായത്ത് അധികാരികള്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി. തൃക്കാരിയൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുനായയുടെ ആക്രമണത്തിന് ഇരയായ നിര്‍ധനനായ ദേവാനന്ദിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണം. തെരുവുനായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്താനും ബി.ജെ.പി. തീരുമാനിച്ചു.
പിണ്ടിമന പഞ്ചായത്തിലെ ആമല ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരന് ഗുരുതര പരിക്കേറ്റ പശ്ചാത്തലത്തില്‍ പഞ്ചായത്ത് അടിയന്തര കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 11ന് ചേര്‍ന്ന് ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ശാന്ത ജോയി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷം അടുത്ത ദിവസം തന്നെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കും. നാട്ടില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്താനും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മുഴുവന്‍ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടി സ്വീകരിക്കുമെന്ന് ശാന്ത ജോയി പറഞ്ഞു.