പാര്‍ലമെന്ററി രംഗത്തും കെ.പി.സി.സി. ആര്‍ജവം കാണിക്കണം - യൂത്ത് കോണ്‍ഗ്രസ്
Posted on: 08 Sep 2015
കാക്കനാട്: പാര്‍ട്ടി പുനഃസംഘടനാ രംഗത്ത് കെ.പി.സി.സി. കാണിച്ച ആര്‍ജവം പാര്‍ലമെന്ററി രംഗത്തും നടപ്പാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്ററി കമ്മിറ്റി കാക്കനാട്ട് സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നടപടി യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. 25-30 വര്‍ഷത്തിലേറെ കെ.പി.സി.സി. ഭാരവാഹിത്വം വഹിക്കുന്നവരും 30 വര്‍ഷത്തോളമായി ജനപ്രതിനിധികളെന്ന നിലയില്‍ തുടരുന്നവരും സംസ്ഥാനത്തുണ്ട്. ഇവരെ മാറ്റാനുള്ള ആര്‍ജവും കെ.പി.സി.സി. പ്രസിഡന്റ് കാണിക്കണം-മഹേഷ് പറഞ്ഞു. പാര്‍ട്ടി താക്കോല്‍ ദ്വാരങ്ങളില്‍ കൂടി നോക്കുന്നതിനു പോലും അവസരം ലഭിക്കാതെ വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി കഴിയുന്നവരെയും നേതൃത്വം തിരിച്ചറിയണം. തദ്ദേശ തിരഞ്ഞെടുപ്പിലും കാല് നൂറ്റണ്ടായി മത്സര രംഗത്തുള്ളവരെ ഒഴിവാക്കി, കോണ്‍ഗ്രസുകാരെയും യൂത്ത് കോണ്ഗ്രസ്സിലുള്ളവരെയും പരിഗണിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം.വി. രാജേഷ് അധ്യക്ഷത വഹിച്ചു.