ഫോര്‍ട്ട് കൊച്ചിയില്‍ വഴി തടസ്സപ്പെടുത്തുന്ന സ്ഥിരം നിര്‍മാണം നീക്കാമെന്ന് കോടതി

Posted on: 08 Sep 2015കൊച്ചി: വഴിവാണിഭക്കാര്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടപ്പാതയും വഴിയും തടസ്സപ്പെടുത്തി നടത്തിയ നിര്‍മാണം നീക്കാന്‍ കൊച്ചി നഗരസഭയോട് ഹൈക്കോടതി നിര്‍ദേശിച്ചു. സ്ഥിരം നിര്‍മാണം നടത്താത്ത വഴിയോരക്കച്ചവടക്കാരെ നോട്ടീസ് നല്‍കി ഒഴിപ്പിക്കാവുന്നതാണ്. തുറമുഖ ട്രസ്റ്റിന്റെ കീഴിലുള്ള പ്രദേശത്ത് സ്ഥലം കൈവശമാക്കിയ വഴിവാണിഭക്കാരെ ട്രസ്റ്റിന് ഒഴിപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വഴിവാണിഭക്കാരുടെ കണക്കെടുത്ത് ഉചിതമായ നടപടിയെടുക്കാന്‍ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ സ്ഥിരം കട പണിത വഴിയോരക്കച്ചവടക്കാരുടെ കാര്യത്തില്‍ തര്‍ക്കമുള്ളതിനാല്‍ പട്ടിക പൂര്‍ത്തിയാക്കാനായിട്ടില്ലെന്നാണ് നഗരസഭ ബോധിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ വിവരങ്ങളും അവിടെ സ്വീകരിച്ച നടപടിയും മൂന്നാഴ്ചയ്ക്കകം സമിതി കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.

More Citizen News - Ernakulam