തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്: പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നു - മുഖ്യമന്ത്രി

Posted on: 08 Sep 2015വരാപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാര്‍ നീട്ടിവയ്ക്കുവാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് അടിസ്ഥാനമില്ലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂനമ്മാവില്‍ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സമയത്തിന് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം. ഇക്കാര്യത്തില്‍ കോടതിയുടെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും നിര്‍ദേശം അംഗീകരിക്കും. രണ്ടോ മൂന്നോ ആഴ്ച തിരഞ്ഞെടുപ്പ് നീളുന്നത് വലിയ കാര്യമല്ലെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രീയ സുഗമമാക്കുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ ഭരണകാലത്തും ഒരുമാസം തിരഞ്ഞെടുപ്പ് വൈകിയിട്ടുണ്ടെന്നും ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളില്‍ സിപിഎമ്മും ബിജെപിയും സംഘര്‍ഷത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. എല്ലാവരും നിയമ വ്യവസ്ഥയെ അംഗീകരിച്ചേ മതിയാകൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറയിച്ചു. പറവൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എ. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, വി.ഡി. സതീശന്‍ എംഎല്‍എ, കെ.പി. ധനപാലന്‍, വത്സല പ്രസന്നകുമാര്‍, എന്‍.ഇ. സോമസുന്ദരന്‍, കെ. ശിവശങ്കരന്‍, എം.ടി. ജയന്‍, ടി.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam