മൂടിയില്ലാത്ത കാന അപകടകാരണമാകുന്നു; മിനി ലോറി കാനയിലേക്ക് മറിഞ്ഞു

Posted on: 08 Sep 2015കരുമാല്ലൂര്‍: ആലുവ പറവൂര്‍ പ്രധാന റോഡില്‍ മൂടിയില്ലാതെ നിര്‍മിച്ചിരിക്കുന്ന കാനയിലേക്ക് ലോഡുമായിവന്ന മിനിലോറി മറിഞ്ഞു. സമീപത്തെ മതിലില്‍ ചാരി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ തട്ടാംപടി കപ്പേളയ്ക്ക് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്തു നിന്നും ലോഡുമായി വന്ന ലോറി എതിരെ വന്ന വണ്ടിക്ക് അരിക് കൊടുക്കുന്നതിനിടെ ചക്രങ്ങള്‍ കാനയിലേക്ക് തെന്നിപ്പോകുകയായിരുന്നു. ഒരുവശത്തെ ചക്രങ്ങള്‍ മുഴുവന്‍ കാനയിലേക്കിറങ്ങി വണ്ടി മറിയാന്‍ തുടങ്ങിയെങ്കിലും എതിര്‍വശത്തെ മതിലില്‍ താങ്ങി നിന്നതിനാല്‍ അപകടം സംഭവിച്ചില്ല. പിന്നീട് ക്രെയിനെത്തിച്ച് വണ്ടി വലിച്ച് കയറ്റുകയായിരുന്നു. തട്ടാംപടി കപ്പേളയ്ക്ക് സമീപം റോഡിന് വീതി വളരെ കുറവാണ്. അതിനരികില്‍ തന്നെയാണ് മൂടിയില്ലാത്ത കാന നിര്‍മിച്ചിരിക്കുന്നതും. കാന കാടുമൂടിക്കിടക്കുന്നതിനാല്‍ വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയുമില്ല. മറ്റുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അരിക് ചേര്‍ക്കുന്നതോടെ കാനയിലേക്ക് പതിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു നാഷണല്‍പെര്‍മിറ്റ് ലോറിയും ഇതുപോലെ കാനയില്‍ വീണിരുന്നു.More Citizen News - Ernakulam