കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു
Posted on: 08 Sep 2015
സര്‍വീസ് കേസുകള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: ചെയര്‍മാനും ജുഡീഷ്യല്‍ അംഗവും ഇല്ലാതായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു. സര്‍വീസ് േകസുകള്‍ ബദല്‍ മാര്‍ഗമെന്ന നിലയില്‍ ഹൈക്കോടതിയില്‍ പരിഗണനയ്ക്കെടുത്തു തുടങ്ങി. ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തിരികെ അയയ്ക്കാന്‍ അത്തരം സര്‍വീസ് കേസുകള്‍ വേര്‍തിരിച്ച് വെയ്ക്കണമെന്ന് രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കോതമംഗലം മുനിസിപ്പാലിറ്റിയിലെ സെക്രട്ടറി യു.എസ്. സതീശന് കാഞ്ഞങ്ങാട്ടേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ നല്കിയ ഹര്‍ജി കോടതി പരിഗണിച്ച് സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ വിരമിച്ചതോടെയാണ് ട്രൈബ്യൂണലിന് അധ്യക്ഷനില്ലാതായത്. പകരം നിയമനമുണ്ടായിട്ടില്ല. രണ്ട് ജുഡീഷ്യല്‍ അംഗങ്ങളുടെ നിയമനവും നടന്നിട്ടില്ല.