വിദ്യാധനം സ്കോളര്‍ഷിപ്പ് പദ്ധതി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
Posted on: 08 Sep 2015
കൊച്ചി: പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാധനം സ്കോളര്‍ഷിപ്പ് പദ്ധതി ശനിയാഴ്ച രാവിലെ പത്തിന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും.
എറണാകുളം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ആയിരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥിയുടെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2500 രൂപ വീതം നിക്ഷേപിച്ച് പാസ്ബുക്കുകള്‍ കൈമാറും. ഈ അക്കൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പണം നിക്ഷേപിക്കാം. ഭാവി വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിദ്യാഭ്യാസ വായ്പ എളുപ്പത്തില്‍ ലഭ്യമാകും. എടിഎം അടക്കമുള്ള മറ്റ് ബാങ്കിങ് സൗകര്യങ്ങളും ഈ പദ്ധതിയില്‍ ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്രയും വിദ്യാര്‍ഥികളെ ദേശസാല്‍കൃത ബാങ്കില്‍ കണ്ണികളാക്കിയുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുന്നത്.
വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 123 വിദ്യാലയങ്ങളില്‍ 'വിദ്യാപോഷണം പോഷകസമൃദ്ധം' ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുമെന്ന് പ്രൊഫ. കെ.വി. തോമസ് അറിയിച്ചു.