വിവാഹാശംസകള്‍ക്ക് നന്ദിപ്രകാശനമായി പച്ചക്കറി വിത്തുകള്‍

Posted on: 08 Sep 2015കൂത്താട്ടുകുളം: നവദമ്പതിമാര്‍ക്ക് ആശംസകളുമായി കതിര്‍മണ്ഡപത്തില്‍ എത്തിയവര്‍ക്ക് സമ്മാനമായി ലഭിച്ചത് പച്ചക്കറി വിത്തുകള്‍. വിഷരഹിത പച്ചക്കറിക്കായി ഈ വിത്തുകള്‍ ഉപയോഗിക്കണമെന്ന് വധൂവരന്‍മാരുടെ സന്ദേശവും. കൂത്താട്ടുകുളം തിരുമാറാടി ചെള്ളയ്ക്കപ്പടി പുതുക്കുളത്തില്‍ പ്രശാന്തിന്റെയും കിഴകൊമ്പ് വലിയവിരുപ്പില്‍ അമ്പിളിയുടെയും വിവാഹച്ചടങ്ങില്‍ ആശംസകളുമായിയെത്തിയവര്‍ക്കാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി പച്ചക്കറി വിത്തുകള്‍ ലഭിച്ചത്.
'വിഷരഹിത പച്ചക്കറിക്കായി വിശ്രമരഹിത പോരാട്ടം' എന്ന ആശയം വിവാഹവേദിയിലേക്ക് എത്തിച്ചത് ഡി.വൈ എഫ്.ഐ. തിരുമാറാടി മേഖലാ കമ്മിറ്റിയാണ്.
സിപിഎം വാളിയപ്പാടം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ. എഫ്.ഐ. തിരുമാറാടി ശാഖാ ട്രഷററുമായ വരന്‍ പ്രശാന്ത് ചെണ്ടമേള കലാകാരന്‍കൂടിയാണ്. ആയിരം പേര്‍ക്കാണ് വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ വിതരണം ചെയ്തത്.
വിവാഹാശംസകളുമായെത്തിയ മന്ത്രി അനൂപ് ജേക്കബിനും, പ്രശാന്തും അമ്പിളിയും ചേര്‍ന്ന് പച്ചക്കറി വിത്തുകള്‍ നല്കി.


More Citizen News - Ernakulam