വി.ടി. സമൂഹത്തെ സത്യത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചു - ഡോ. കെ.ജി. പൗലോസ്
Posted on: 08 Sep 2015
കൊച്ചി: അന്ധവിശ്വാസങ്ങളുടെ ഇരുട്ടില്‍നിന്ന് കേരളീയ സമൂഹത്തെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ച നവോത്ഥാനത്തിന്റെ ശില്പിയായിരുന്നു വി.ടി. ഭട്ടതിരിപ്പാടെന്ന് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് അഭിപ്രായപ്പെട്ടു. വി.ടി. തെളിച്ചുതന്ന ആ കൈത്തിരി കെടാതെ സൂക്ഷിക്കുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും, സമീപകാലത്തെ തീവ്രവാദപ്രവണതകള്‍ ഉദാഹരിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു.
അങ്കമാലി വി.ടി. സ്മാരക ട്രസ്റ്റും ഇടപ്പള്ളി എ.കെ.ജി. സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച വി.ടി. അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.ജി. പൗലോസ്. പ്രൊഫ. എം. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. 2014ലെ വി.ടി. സാഹിത്യപുരസ്കാരം 'കാറല്‍ മാര്‍ക്സ്' എന്ന നാടകം രചിച്ച ആര്യനാട് സത്യന്, പ്രൊഫ. തോമസ് മാത്യു സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ. രവി, ജേക്കബ് നായത്തോട്, അലിയാര് ഇടപ്പള്ളി, പ്രൊഫ. സംഗമേശന് എന്നിവര്‍ സംസാരിച്ചു.
'നവോത്ഥാനകേരളത്തിന്റെ ഭാവി' എന്ന സെമിനാറില്‍ അഡ്വ. കെ. മോഹനചന്ദ്രന് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്, വത്സല പ്രസന്നകുമാര്‍, സേവ്യര്‍ പുല്പാട്, എ.എസ്. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.