അങ്കമാലി: തെരുവുനായയുടെ കടിയേറ്റ് മുഖത്തും കണ്ണിലും മുറിവേറ്റ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ശസ്ത്രക്രിയ മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു.
കുഞ്ഞിന്റെ കണ്പോളകള്ക്കും കണ്ണീര് നാളിക്കും ഗുരുതര മുറിവേറ്റിട്ടുണ്ട്. മൂക്കും കവിള്‍ത്തടങ്ങളും ചുണ്ടും മുറിഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ്് എല്‍ദോസ് കുന്നപ്പിള്ളിയും കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.
കോതമംഗലം തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിനു സമീപം തൃക്കാരുകുടിയില്‍ വീട്ടില്‍ രവിയുടെയും അമ്പിളിയുടെയും മകന് മൂന്നു വയസ്സുള്ള ദേവാനന്ദിനാണ് (അമ്പാടി) നായയുടെ കടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-നായിരുന്നു സംഭവം. വീടിന് മുന്‍ഭാഗത്ത് വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായ ആക്രമിച്ചത്. അമ്മ അമ്പിളി കുഞ്ഞിന് ചോെറടുക്കാന് അടുക്കളയിലേക്കു പോയപ്പോഴാണ് കുട്ടിക്കുനേരേ നായയുടെ ആക്രമണം ഉണ്ടായത്. വരാന്തയില്‍ നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് ആക്രമിക്കുകയായിരുന്നു.
കുഞ്ഞിന്റെ ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. പോള്‍ വി. മാടന് അറിയിച്ചു.
നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഒക്കുലോ പ്ലാസ്റ്റി സര്ജന് ഡോ. ജെ.കെ. ആന്‍, സീനിയര്‍ ഇഎന്‍ടി സര്ജന് ഡോ. രാജേഷ് രാജു ജോര്‍ജ്, ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്ജന് ഡോ. സജു സൈമണ്‍, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ചെറിയാന് ജോസഫ്, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. സജു സാമുവല്‍, സീനിയര്‍ അനസ്തറ്റിസ്റ്റ് ഡോ. എലിസബത്ത് പൗലോസ് എന്നിവരാണ് സംഘത്തിലുള്ളത്.