'വിദ്യോദയ' സമൂഹ വിവാഹം 11ന്
Posted on: 08 Sep 2015
തേവയ്ക്കല്‍: വിദ്യോദയ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യോദയ കുടുംബാംഗങ്ങള്‍ 'പരിണയ' സമൂഹ വിവാഹം സംഘടിപ്പിക്കും. സപ്തംബര്‍ 11ന് 11.30ന് വിദ്യോദയ സ്കൂളിലാണ് പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 5 നിര്‍ധന യുവതികളാണ് മംഗല്യവതികളാകുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് വരന്മാര്.
വധുവിനാവശ്യമായ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും ഒരു വര്‍ഷത്തേക്കാവശ്യമായ മറ്റു വസ്ത്രങ്ങളും വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് വിവാഹ സമയത്ത് ധരിക്കാനുള്ള വസ്ത്രങ്ങളും നല്‍കും. വധൂവരന്മാരെ വേദിയിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ കളക്ടര്‍ രാജമാണിക്യം, കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ജെ. ലത എന്നിവര്‍ വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിച്ചേരും. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിദ്യോദയ സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സംഗീത സല്ലാപവും ഉണ്ടാകും.