ലക്ഷങ്ങള്‍ അനുവദിച്ചിട്ടും പുത്തന്‍വേലിക്കരയിലെ മഞ്ഞക്കുളത്തിന് ശാപമോഷമായില്ല
Posted on: 07 Sep 2015
പറവൂര്‍: ശുദ്ധജലമുള്ള പുത്തന്‍വേലിക്കരയിലെ മഞ്ഞക്കുളം നവീകരണത്തിന് ലക്ഷങ്ങള്‍ അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥയില്‍ പദ്ധതി നടപ്പായില്ല. പുനരുദ്ധാരണത്തിന് അനുവദിച്ച 6.55 ലക്ഷം രൂപ ലാപ്സാകുന്ന സ്ഥിതിയിലുമായി.
സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി' പ്രകാരമാണ് ഈ കുളം പുനരുദ്ധരിക്കാന്‍ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നാലുവഴിക്കു സമീപമാണ് കുളം സ്ഥിതിചെയ്യുന്നത്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി ഇറിഗേഷന്‍ വകുപ്പ് ടെന്‍ഡര്‍ ക്ഷണിക്കുകയും കരാര്‍ ഉറപ്പിക്കുകയും ചെയ്തു. പണി തുടങ്ങുന്നതിന് കരാറുകാരന് സ്ഥലത്ത് എത്തുകയും കുളവും പരിസരവും അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്താണ് ഇത് ചെയ്തു നല്‍കേണ്ടത്. കുളത്തിന് ഏതാണ്ട് 13 സെന്റ്് വിസ്തൃതി ഉണ്ടായിരുന്നതായി പ്രകൃതി സംരക്ഷണ പ്രവര്‍ത്തകനായ പി. എസ്. ബൈജു പറഞ്ഞു. എന്നാലിപ്പോള്‍ കൈയേറ്റംമൂലം ഇതിന്റെ വിസ്തൃതി വളരെയേറെ ചുരുങ്ങിയിട്ടുണ്ട്.
അതിര്‍ത്തി നിര്‍ണയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എന്‍ജിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പലവട്ടം കത്തെഴുതി. ഇതേത്തുടര്‍ന്ന് സ്ഥലം അളന്ന് കുളത്തിന്റെ അതിരുകളും നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പറവൂര്‍ താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്കി. പിന്നീടിതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചില്ല. കുളം കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനാണ് തുടര്‍ നടപടികള്‍ മന്ദഗതിയിലാക്കിയതെന്ന് ആരോപണമുണ്ട്.
സ്ഥലം ഹാന്‍ഡ് ഓവര്‍ ചെയ്യുന്നതിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് കരാറുകാരന് പിന്‍വാങ്ങി.
കുളത്തിന്റെ ചുറ്റും പടവുകള്‍ കെട്ടി ജലം ശുദ്ധമാക്കി നാട്ടുകാര്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ അധികൃതരുടെ തന്നെ മനഃപൂര്‍വമുള്ള അലംഭാവത്താല്‍ പഞ്ചായത്തിന് ഒരു ശുദ്ധജലസ്രോതസ്സിന്റെ നവീകരണം നഷ്ടപ്പെട്ടതായി ആരോപണമുണ്ട്.