ആലുവ - പറവൂര്‍ റോഡിലെ വഴിയോര കച്ചവടം യാത്രക്കാര്‍ക്ക് ഭീഷണി

Posted on: 07 Sep 2015കരുമാല്ലൂര്‍: ആലുവ - പറവൂര്‍ റോഡരിക് കൈയേറിയുള്ള കച്ചവടം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കരുമാല്ലൂര്‍ ആശുപത്രിപ്പടി മുതല്‍ മനയ്ക്കപ്പടി വരെയാണ് റോഡരികില്‍ അനധികൃത കച്ചവടം നടക്കുന്നത്. ചിലയിടങ്ങളില്‍ പി.ഡബ്ല്യ.ഡി. റോഡ് കൈയേറി ഷെഡ്ഡുകളും നിര്‍മിച്ചിട്ടുണ്ട്. വില്‍പ്പന സാമഗ്രികള്‍ റോഡിലേക്ക് ഇറക്കിവയ്ക്കുന്നതാണ് അപകട കാരണം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. രാവിലേയും വൈകീട്ടും വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവര്‍ യാത്രയ്ക്കായി റോഡിലേക്ക് ഇറങ്ങുന്നതോടെ വലിയ തിരക്കായിരിക്കും. ഈ സമയം ടിപ്പര്‍ലോറികളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിട്ടുമുണ്ടാകും. അതുകൊണ്ട് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടാകുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കാല്‍നടക്കാര്‍ക്കെല്ലാം ഇത് ഭീഷണിയുമാകുകയാണ്. ഇവിടെ തന്നെയാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് മരിച്ചത്. കൊടുംവളവോടുകൂടിയ റോഡിന് ആവശ്യത്തിന് വീതിയില്ലാതിരുന്നതിനാലാണ് ആ അപകടമുണ്ടായത്. ഇത്തരത്തിലുള്ള അപകടമൊഴിവാക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. പറവൂര്‍ അസി.എന്‍ജിനീയര്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കരുമാല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, ആലങ്ങാട് എസ്.ഐ. എന്നിവര്‍ക്കും പരാതി നല്‍കി.

More Citizen News - Ernakulam