പരിക്ക്്് തളര്‍ത്തിയില്ല; കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഹജ്ജിന് പുറപ്പെട്ടു

Posted on: 07 Sep 2015നെടുമ്പാശ്ശേരി: ഹജ്ജിന് പുറപ്പെടാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന്് പണം അടച്ച് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് കോഴിക്കോട് കൊണ്ടോട്ടി സ്വദേശി വളപ്പില്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ആകസ്മികമായി അപകടത്തില്‍പ്പെട്ടത്. നാല് മാസം മുന്‍പ് വീടിന് അല്പം അകലെയുള്ള പള്ളിയില്‍ നിന്നും സുബ്ഹി നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്ന വഴി പിന്നില്‍ നിന്നും ഇരു ചക്ര വാഹനം ഇടിക്കുകയായിരുന്നു. കാലിനും കൈയ്ക്കും ഗുരുതതരമായ പരിക്ക് പറ്റി രണ്ടാഴ്ചയോളം ആസ്​പത്രിയിലായിരുന്നു. തലയിലെ ഞരമ്പിനും ക്ഷതമേറ്റിരുന്നു. ഇടതു കാലിലും ഇടത് കൈയിലും പ്ലാസ്റ്റര്‍ ഇടേണ്ടിയും വന്നു. ഞരമ്പിനേറ്റ ക്ഷതം മൂലം പെട്ടെന്ന് റമദാനില്‍ പിന്നെയും ഒരാഴ്ച തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ഹജ്ജ്്് യാത്ര മുടങ്ങുമെന്ന് തന്നെ കണക്കുകൂട്ടി. എന്നാല്‍ മുസ്ലിയാര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയായിരുന്നു. ഒടുവില്‍ പുണ്യകര്‍മത്തിനായി പുറപ്പെടാന്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ക്കും നിയോഗമുണ്ടായി. പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണ് ഹജ്ജിന് പോകാന്‍ ഭാഗ്യമുണ്ടായതെന്ന് കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പറയുന്നു. ഭാര്യ പാത്തുട്ടി, മകന്‍ മുഹമ്മദ് ബഷീര്‍, മകന്റെ ഭാര്യ സുബൈദ എന്നിവരോടൊപ്പമാണ് 83 വയസ്സുകാരനായ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടത്. പ്ലാസ്റ്റര്‍ മാറ്റിയെങ്കിലും ഇദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. അസഹ്യമായ വേദന മൂലം പരിക്കുപറ്റിയ ഇടതു കൈ കൂടുതല്‍ ചലിപ്പിക്കാനും കഴിയുന്നില്ല. വീല്‍ ചെയറിലാണ് ഇദ്ദേഹത്തിന്റെ യാത്ര.

More Citizen News - Ernakulam